X

ആറു ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ ആറു എം.എല്‍.എമാര്‍ തങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അറിയിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് പാളയത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബി.ജെ.പി നൂറു കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് നീക്കം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്.
വൊക്കലിംഗ സമുദായക്കാരായ എം.എല്‍.എമാരാണ് ഇവരെന്ന് കോണ്‍ഗ്രസും ജെഡിഎസും അവകാശപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് മൂന്നു എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലെത്തിയതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് തള്ളി. ഒരു എം.എല്‍.എയെ ഒഴിച്ച് എല്ലാവരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ആനന്ദ് സിങ്ങിനെക്കുറിച്ച് ഇതുവരെയും വിവരമില്ല. ഇദ്ദേഹം കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തിയതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടങ്കിലാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ആരോപിച്ചിരുന്നു.

chandrika: