X
    Categories: indiaNews

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണം; സോണിയയ്ക്ക് നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം.

നാളെ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കള്‍ സോണിയയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഗുലാം നബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി, പി.ജെ. കുര്യന്‍, ശശി തരൂര്‍ എന്നിവരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

കത്തില്‍ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തില്‍ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണം. സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പാര്‍ട്ടിക്കുള്ള പിന്തുണ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വസം നഷ്ടപ്പെടുന്നതും ഗൗരവമായി കാണണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണ സമയ സജീവ നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കള്‍ ബ്ലോക്ക് തലം മുതല്‍ എഐസിസി തലം വരെ ഭരണഘടാപരമായ തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് പറയുന്നു. പാര്‍ട്ടിയിലുടനീളം വിപുലമായ പരിഷ്‌കാരങ്ങള്‍, അധികാരം വികേന്ദ്രീകരണം, സംസ്ഥാന ഘടകങ്ങളുടെ ശാക്തീകരണം എന്നിവയും കത്തിലെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ദേശീയ അനിവാര്യത ആണെന്നു വാദിക്കുന്ന കത്ത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച എങ്ങനെയെന്ന് അടിവരയിടുന്നു.

chandrika: