X

മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ വന്‍ അട്ടിമറി നീക്കവുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് വന്‍ അട്ടിമറി നീക്കത്തിനൊരുങ്ങുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖവുമായ ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തിങ്കളാഴ്ച രാത്രി വൈകി ചൗഹാന്റെ വസതിയിലെ അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടുനിന്നു.

മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ അതൃപ്തിയുള്ള ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് ശിവരാജ് സിങ് ചൗഹാന്‍. ബി.ജെ.പിയിലെ മോദി വിരുദ്ധരായ അദ്വാനി, സുഷമാ സ്വരാജ് തുടങ്ങിയവര്‍ ഒരു ഘട്ടത്തില്‍ മോദിക്ക് പകരം ചൗഹാന്റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് നേതൃത്വം മോദിക്ക് വേണ്ടി നിലകൊണ്ടതോടെ ആ നീക്കം അവസാനിച്ചു. മോദിക്ക് ശേഷം ആദിത്യനാഥ് അടക്കമുള്ള തീവ്രനിലപാടുകാര്‍ ഉയര്‍ന്ന് വന്നതോടെ ചൗഹാന്റെ സാധ്യതകള്‍ അസ്തമിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

മധ്യപ്രദേശില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള ചൗഹാന്‍ ഇത്തവണ പ്രതിപക്ഷനേതാവാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് നല്‍കാതെ അദ്ദേഹത്തെ ദൈശീയ വൈസ് പ്രസിഡണ്ടാക്കി ഒതുക്കുകയായിരുന്നു. മോദി-അമിത് ഷാ കൂട്ടുകെട്ട് ആസൂത്രിതമായി നടപ്പാക്കുന്ന ഇത്തരം നീക്കങ്ങളില്‍ അതൃപ്തനായ ചൗഹാനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ യുവ മുഖങ്ങളില്‍ പ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ്. തിരക്കിട്ട പരിപാടികള്‍ക്കിടയിലും ചൗഹാനെ സന്ദര്‍ശിക്കാനും ദീര്‍ഘനേരം ചര്‍ച്ച നടത്താനും സിന്ധ്യയെടുത്ത തീരുമാനം രാഷ്ട്രീയ നിരീക്ഷകന്‍മാര്‍ ആശ്ചര്യത്തോടെയാണ് കാണുന്നത്. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കള്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: