X
    Categories: keralaNews

രാജീവ് ഗാന്ധി സെന്ററിന് ഗോള്‍വോള്‍ക്കറുടെ പേര്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) രണ്ടാം ക്യമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിടുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അധികാരം കിട്ടുമ്പോള്‍ എന്തുമാകാമെന്ന അവസ്ഥയാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം എസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണുതയും മാത്രം മുഖമുദ്രയാക്കുകയും, ഇന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇത് വര്‍ഗ്ഗീയത വളര്‍ത്താനേ ഉപകരിക്കൂ. രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എന്ത് സംഭാവന നല്‍കിയിട്ടാണ് ഗോള്‍വാള്‍ക്കറുടെ പേര് ഈസ്ഥാപനത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്നു വ്യക്തമാക്കണം. അതുകൊണ്ട് തന്നെ ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഗോള്‍വോള്‍ക്കറുടെ പേരിടാനുള്ള നീക്കത്തിനെതിരെ ശശി തരൂരും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വര്‍ഗീയത പ്രചരിപ്പിച്ചു എന്നതല്ലാതെ ശാസ്ത്രത്തിന് എന്ത് സംഭാവനയാണ് ഗോള്‍വോള്‍ക്കര്‍ നല്‍കിയതെന്ന് ശശി തരൂര്‍ ചോദിച്ചു.

ശശി തരൂര്‍ പറഞ്ഞത്:

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ‘ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!

രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോ? ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി എച്ച് പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേ?

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: