X

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും, ബി.ജെ.പിയെ കാത്തിരിക്കുന്നത് ദയനീയ തോല്‍വി; അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി: അടുത്തതായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ. ഇരു സംസ്ഥാനത്തിലും ബി.ജെ.പി ദയനീയ പരാജയം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ഇപ്പോള്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 49 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് അധികാരത്തിലേറും. എന്നാല്‍ തുടര്‍ച്ചയായ നാലാം തവണ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ വോട്ടിങ് ഷെയര്‍ വെറും 34 ശതമാനം മാത്രമായിരുക്കും. സംസ്ഥാനത്ത് ശിവരാജ് സിങ്ങ് ചൗഹാന് ഭരണത്തിന് കടുത്ത ഭരണ വിരുദ്ധവികാരമാണെന്നും സര്‍വ്വേ അഭിപ്രായപ്പെടുന്നു. ബി.ജെ.പിക്കെതിരെ ഉത്തര്‍ പ്രദേശില്‍ രൂപംകൊണ്ട എസ്.പി-ബി.എസ്.പി സഖ്യം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന. അങ്ങനെ കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നും സര്‍വേ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമാല്‍ നാഥാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുക.

 

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും യുവനേതാവുമായ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 44 ശതമാനം വോട്ടും ബിജെപിക്ക് 39 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. രാജസ്ഥാനില്‍ ഈ വര്‍ഷം നടന്ന രണ്ട് ലോക്‌സഭാ സീറ്റിലും ആറില്‍ നാല് നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. ഉപതെരഞ്ഞെടുപ്പിലെ പരാജയങ്ങളെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമി മാര്‍ച്ച് 16ന് സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണ്.

 

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി വര്‍ധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി കുറയുന്നതായും അഭിപ്രായ സര്‍വേ പരാമര്‍ശിക്കുന്നു. 2018 ജനുവരിയില്‍ ജനപ്രീതിയില്‍ മോദിയും രാഹുലും തമ്മില്‍ 17 ശതമാനത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 10 ശതമാനം മാത്രമായി കുറഞ്ഞിരിക്കുന്നു. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ 4 വര്‍ഷം വിലയിരുത്തുന്നതാണ് സര്‍വേ.

chandrika: