X
    Categories: MoreViews

കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്; ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതി ഇന്ന് ആദ്യ യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റതിനു ശേഷം ചേരുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണെന്ന പ്രത്യേകതയുമുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ചര്‍ച്ചാ വിഷയമാകും.

സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്കു പുറമെ പിസിസി അധ്യക്ഷന്‍മാര്‍, സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കേരളത്തിലെ നേതാക്കള്‍ കെ.പി.സി.സി അധ്യക്ഷ നിയമനം സംബന്ധിച്ച് രാഹുലുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയേക്കും.

അടുത്തിടെയാണ് കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചത്. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്. രാഹുല്‍ഗാന്ധി, സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങി 23 പേരാണ് സമിതിയിലെ അംഗങ്ങള്‍. കേരളത്തില്‍ നിന്ന് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളാണ്. പി.സി ചാക്കോ സ്ഥിരം ക്ഷണിതാവുമാണ്.

chandrika: