X

കുടകിലും ദുരിതമായി വെള്ളപ്പൊക്കം

 

മൈസൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന്് കര്‍ണാടകയിലെ കുടകിലും മടിക്കേരിയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കുടക് ജില്ലയിലെ ഹെമ്മമത്തലു, മേഘത്തലു, മുക്കോഡ്‌ലു, കലൂര്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.
ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. കരസേന, ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനയില്‍ നിന്നുള്ള 2000 പേരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സോംവാര്‍പേട്ട് താലൂക്കിലെ മുക്കോദ്‌ലുവില്‍ കുടുങ്ങിക്കിടന്ന 100 ഓളം പേരെ മദപുര ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
3000 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. അറുപതോളം ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. മോശമായ കാലാവസ്ഥയാണ് രക്ഷാദൗത്യം വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റു യാത്രകള്‍ മാറ്റിവെച്ച് ഞായറാഴ്ച കുടക് ജില്ലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, മക്കണ്ഡൂര്‍, മണ്ഡല്‍പാടി, അഡഗേരി എന്നിവിടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മക്കണ്ഡൂരിന് സമീപം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. പ്രദേശത്ത് നിന്നും ആളുകളെ കാണാതായിട്ടുമുണ്ട്.

chandrika: