X
    Categories: CultureMore

ഈ വര്‍ഷം ആദ്യമായി റയലും ബാര്‍സയും ഇന്നിറങ്ങുന്നു; മെസ്സി, റൊണാള്‍ഡോ കളിക്കുന്നില്ല

മാഡ്രിഡ്: 2018 കലണ്ടര്‍ വര്‍ഷത്തില്‍ ക്ലബ്ബുകളുടെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്നില്ല. സ്പാനിഷ് കിങ്‌സ് കപ്പ് (കോപ ഡെല്‍ റേയ്) ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങളാണ് ഇന്ന് അര്‍ധരാത്രി നടക്കുന്നത്. ബാര്‍സലോണക്ക് സെല്‍റ്റ വിഗോയും റയലിന് നുമാന്‍സിയയുമാണ് എതിരാളികള്‍.

ഡിസംബര്‍ 23-ലെ എല്‍ ക്ലാസിക്കോയ്ക്കു ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്. എല്‍ ക്ലാസിക്കോ വിജയത്തിനു ശേഷം അവധിയില്‍ പ്രവേശിച്ച ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവര്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ബാര്‍സയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സെല്‍റ്റയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിക്കാനാണ് കോച്ച് ഏണസ്‌റ്റോ വെല്‍വര്‍ദെ തീരുമാനിച്ചത്.

ഇരുവര്‍ക്കുമൊപ്പം ഒരാഴ്ചയിലേറെ നീണ്ട അവധിയിലായിരുന്ന ഡിഫന്റര്‍ ഹവിയര്‍ മഷരാനോയെ ബാര്‍സ ഇന്ന് കളിപ്പിക്കുന്നുണ്ട്. അതേസമയം, വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയസ്റ്റക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബലെ പരിക്കു മാറി ആരോഗ്യം കൈവരിച്ചത് അവര്‍ക്ക് പ്രതീക്ഷ പകരുന്നു.

ലാലിഗ കിരീട പോരാട്ടത്തില്‍ ഏറെ പിറകിലായിരുന്നിട്ടും ക്രിസ്റ്റ്യാനോ അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാത്ത 19 അംഗ ടീമിനെയാണ് നുമാന്‍സിയയെ നേരിടാന്‍ റയല്‍ കോച്ച് സിനദെയ്ന്‍ സിദാന്‍ ഒരുക്കുന്നത്. പോര്‍ച്ചുഗീസ് താരത്തിനു പുറമെ ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, മാര്‍സലോ, സെര്‍ജിയോ റാമോസ് എന്നിവര്‍ക്കും റയല്‍ വിശ്രമം അനുവദിച്ചു. എല്‍ ക്ലാസിക്കോയില്‍ പരിക്കേറ്റ കരീം ബെന്‍സേമയും കളിക്കുന്നില്ല. ഗരത് ബെയ്ല്‍, കസമീറോ, ഡാനി കാര്‍വഹാള്‍, കെയ്‌ലര്‍ നവാസ് തുടങ്ങിയവര്‍ കളിക്കുന്നുണ്ട്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.30 നാണ് സെല്‍റ്റ വിഗോയും ബാര്‍സലോണയും തമ്മിലുള്ള പോരാട്ടം. കിങ്‌സ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ, കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 1.30 നാണ് റയല്‍-നുമാന്‍സിയ മത്സരം. ലെഗാനീസ് – വിയ്യാറയല്‍, എസ്പാന്യോള്‍ – ലെവന്റെ എന്നിവയാണ് മറ്റ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: