X
    Categories: indiaNews

കൊറോണ ഇല്ലാതായി; രോഗ വ്യാപനം റെക്കോര്‍ഡ് സ്ഥാപിക്കെ വിചിത്ര വാദവുമായി ബിജെപി ബംഗാള്‍ അധ്യക്ഷന്‍

കൊല്‍ക്കത്ത: കൊറോണ ഇല്ലാതായെന്ന വിചിത്ര വാദവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയാനാണ് ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന വിചിത്ര വാദമാണ് ബിജെപി അധ്യക്ഷന്‍ ആരോപിച്ചത്. കൊറോണ ഇല്ലാതായെന്നു പ്രഖ്യാപിച്ച ബിജെപി നേതാവ് ചുറ്റം അതുണ്ടെന്ന് മമത ബാനര്‍ജി വരുത്തിത്തീര്‍ക്കുകയാണെന്നും പറഞ്ഞു.

രാജ്യത്ത് വൈറസ് വ്യാപനം റെക്കോഡ് വേഗത്തിലായിരിക്കുകയും ഇന്ത്യ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് എത്തിനില്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊറോണ ഇല്ലാതായെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം. ധാനിയഖാലിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

”കൊറോണ ഇല്ലാതായി. ഇപ്പോള്‍ അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്‍ക്കുകയാണ്. അതുവഴിയാണ് അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയുകയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ആർക്കും ഞങ്ങളെ തടയാൻ കഴിയില്ല,” ബംഗാള്‍ ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.

അതേസമയം, ധാനിയഖാലിയില്‍ ബിജെപി റാലി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലാക്കാതെയാണ് നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ബംഗാളില്‍ ദിനംപ്രതി മുവ്വായിരത്തിലധികം കോവിഡ് സ്ഥികീരണം നിലനില്‍ക്കെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.രണ്ട് ലക്ഷത്തോളം കോവിഡ് സ്ഥിരീകരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 3,700 മരണങ്ങളും സംസ്ഥാനത്ത് ഉണ്ട്.

അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് വ്യാപനത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ദിനംപ്രതിയുള്ള കോവിഡ് കണക്കിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ദിവസവും ലക്ഷത്തോളം എന്ന കണക്കിലാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. പ്രതിദിന മരണം 1000 കടന്ന നിലയുമാണ്.

chandrika: