X

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം രാജ്യത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീംകോടതി. പ്രതിസന്ധി മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് കോടതിയെ അറിയിക്കണമെന്നും, വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇതിനു മുമ്പ്് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ തരംതിരിച്ചു സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലേ ഹര്‍ജികളില്‍ വ്യവസ്ഥാപിതമായ ഹിയറിങ് നടക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയും കേരളത്തിലെ ജില്ലാ കോ-ഓപറേറ്റീവ് ബാങ്കുകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്. വാദം കേള്‍ക്കവെ, ‘ഇവരുടെ പ്രശ്‌നം വാസ്തവമാണ്. എന്നാല്‍ നമുക്ക് ഹിയറിങ് സംഘടിതമാക്കേണ്ടതുണ്ട്. ചില വ്യക്തതകള്‍ ആവശ്യമാണ്. സിബല്‍, (ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍) നിങ്ങള്‍ അഡ്വക്കറ്റ് ജനറലുമായി കൂടിയിരുന്ന് എങ്ങനെ പോകണം എന്നതില്‍ പരിഹാരം കണ്ടെത്തൂ. എല്ലാവരും കൂടി സംസാരിക്കാന്‍ ആരംഭിച്ചാല്‍ ഒന്നും സാധ്യമാകില്ല’ ഠാക്കൂര്‍ പറഞ്ഞു.

ഹര്‍ജികളില്‍ ഒന്നിച്ച് വാദം കേള്‍ക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്്ഗിയുടെ ആവശ്യം. ‘ ഓരോ ദിവസവും പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുകയാണ്. എല്ലാവരും അവരവരുടെ കേസുമായാണ് വരുന്നത്. സുപ്രീംകോടതിയില്‍ മാത്രം 17 ഉം ഹൈക്കോടതികളില്‍ 70 ഉം കേസുകളുണ്ട്. അതിനു പുറമേയാണ് ജില്ലാ സഹകരണ ബാങ്കുകളുടെ വിഷയം. കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകളാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്’ – എ.ജി പറഞ്ഞു.

അതേസമയം, നോട്ട് പിന്‍വലിച്ചതിനു ശേഷം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് പരിശോധിക്കണമെന്നതു മാത്രമല്ല, തീരുമാനത്തിന്റെ ഭരണഘടനാ സാധുത കൂടി പരിശോധിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് സിബില്‍ പറഞ്ഞു. ഹര്‍ജി വിശാല ബഞ്ച് പരിഗണിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം നിക്ഷേപകരുടെ പണം പിന്‍വലിക്കുന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ല. പണത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ് ബാങ്കുകള്‍-അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത റോഹത്ഗി, രണ്ടംഗ ബഞ്ച് തന്നെ ധാരാളമാണെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച്് നിരവധി ഹര്‍ജികള്‍ തള്ളണമെന്നും അഭ്യര്‍ത്ഥിച്ചു. കോപറേറ്റീവ് ബാങ്കുകള്‍ക്കായി പി.ചിദംബരം ഹാജരായി.

chandrika: