X

സൈനിക വിന്യാസം; കേന്ദ്രത്തെ ഞെട്ടിച്ച് മമതയുടെ 36 മണിക്കൂര്‍ നീണ്ട സമരം

കൊല്‍ക്കത്ത: ബംഗാളിലെ ടോള്‍ പ്ലാസകളില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ സമരം അവസാനിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തിയ മമത ബാനര്‍ജി 36 മണിക്കൂര്‍ സെക്രട്ടേറിയറ്റില്‍ തങ്ങിയ ശേഷമാണ് പുറത്തിറങ്ങിയത്. ഒരു രാത്രിയും ഒരു പകലും പ്രതിഷേധ സൂചകമായി അവര്‍ ഒഫീസില്‍ ചെലവഴിച്ചു.

താന്‍ ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്നും നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടികളാണ് അരങ്ങേറുന്നതെന്നും പ്രതിഷേധം അവസാനിപ്പിച്ച ശേഷം മമത പ്രതികരിച്ചു. പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രണ്ട് ടോള്‍ പ്ലാസകളില്‍ സൈന്യം നിലയുറപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി മമത രംഗത്തെത്തിയത്.

സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങില്ലെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. മമത നിലപാട് കടുപ്പിച്ചതോടെയാണ് സെക്രട്ടേറിയറ്റ് പരിസരത്തെ ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. കേന്ദ്ര നടപടി ധിക്കാരപരമാണെന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് കേന്ദ്രം സൈന്യത്തെ ഉപയോഗിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
നോട്ട് മരവിച്ചതു മൂലം ബംഗാളിലെ 119 തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. 287 തോട്ടങ്ങളിലായി 2.5 ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നു. ജനങ്ങളെ ദുരിതത്തിലാക്കുന്ന നയങ്ങള്‍ പിന്‍വലിക്കാതെ കേന്ദ്രത്തിനെതിരായ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അവര്‍ വ്യക്തമാക്കി.

chandrika: