X
    Categories: indiaNews

വോട്ടെണ്ണല്‍ നാളെ; നെഞ്ചിടിപ്പില്‍ ഗുജറാത്തും ഹിമാചലും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ നെഞ്ചിടിപ്പോടെ ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും രാഷ്ട്രീയ പാര്‍ട്ടികള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഗുജറാത്തില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റവും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ സാധ്യതയും കല്‍പ്പിക്കുമ്പോഴും പ്രവചചനങ്ങള്‍ കാറ്റില്‍ പറത്തുന്ന തിരഞ്ഞെടുപ്പ് ഫലമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം കേന്ദ്രമന്ത്രിസഭ ഒന്നടങ്കം ക്യാമ്പു ചെയ്ത് കാടടച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പിക്കു വേണ്ടി ഗുജറാത്തില്‍ നടത്തിയത്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം രണ്ടാം ഘട്ടം വിധിയെഴുതുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മോദി നടത്തിയ 50 കിലോമീറ്റര്‍ റോഡ് ഷോ അടക്കം പ്രചാരണ രംഗത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് വന്‍ ആധിപത്യം പ്രവചിക്കുന്നത്. തങ്ങളാണ് രണ്ടാം കക്ഷിയെന്ന അവകാശവാദവുമായി ഗുജറാത്തില്‍ പുതുപരീക്ഷണത്തിന് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസും എ.എ. പിയും രംഗത്തെത്തിയിട്ടുണ്ട്. ഗ്രൗണ്ട് റിപ്പോര്‍ട്ടുമായി പൊരുത്തപ്പെടുന്നതല്ല എക്‌സിറ്റ് പോളുകളെന്നാണ് കോണ്‍ഗ്രസ് വാദം. ഇത് ഖേദകരമാണ്. കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ എല്ലാ സ്വാധീനങ്ങളും ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി പ്രചാരണ രംഗം കൊഴുപ്പിച്ചത്. എന്നാല്‍ അത് വോട്ടായി മാറിക്കൊള്ളണമെന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായിപ്പോഴും ശരിയാകണമെന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിമാചലില്‍ കോണ്‍ഗ്രസിനാണ് സാധ്യത പ്രവചിച്ചത്. എന്നാല്‍ അധികാരത്തിലേറിയത് ബി.ജെ.പിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്ത് ഫലം എ.എ.പിക്ക് പോസിറ്റീവ് ആയിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്‌രിവാള്‍ ഇന്നലേയും അവകാശപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണ്. ബി.ജെ.പിക്ക് സമഗ്രാധിപത്യമുള്ള മേഖലകളില്‍ പോലും 15-20 ശതമാനം വോട്ടുവിഹിതം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് എ.എ.പി കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ എ.എ.പി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസം കൂടി നമുക്ക് കാത്തിരിക്കാം- അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. 30ലധികം കേന്ദ്രങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.

നാളെ കാലത്ത് എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ തുടങ്ങി 15 മിനുട്ടില്‍ തന്നെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങും. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ ഏകദേശ ട്രന്റും ബോധ്യപ്പെടും. ഓരോ മണ്ഡലത്തിലും നിശ്ചിത എണ്ണം വിവിപാറ്റ് കൂടി എണ്ണിത്തപ്പെടുത്തേണ്ടതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകാന്‍ ഇടയുണ്ട്.

web desk 3: