X

‘മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്ന സാഹചര്യം, സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; കര്‍ദ്ദിനാല്‍ ബസേലിയോസ് ക്ലീമിസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാസഭ രംഗത്ത്. മതവിശ്വാസത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്ന അവസ്ഥയാണെന്ന് കര്‍ദ്ദിനാല്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. സാറ്റ്‌നയില്‍ വൈദിക സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാലിന്റെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍ക്കാരിലുണ്ടായിരുന്ന ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി. വലിയൊരു രാജ്യത്ത് ചെറിയ ചില പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ സര്‍ക്കാരിന്റെ നിലപാടിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? സംഭവത്തിനുശേഷമുള്ള നിയമനടപടികള്‍ എങ്ങനെയാണെന്നും കര്‍ദ്ദിനാല്‍ ചോദിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇത് ജനാധിപത്യരാജ്യത്തിന്റെ മോശം അവസ്ഥയാണ് കാണിക്കുന്നത്. മതേതരഘടന നിലനിര്‍ത്തുന്ന രാജ്യമാണ് നമുക്കാവശ്യം. എന്നാല്‍ മതപരമായ കാരണങ്ങളാല്‍ രാജ്യത്ത് വിഭജനമുണ്ടാവുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കര്‍ദ്ദിനാല്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയാണ് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ മുപ്പതു പേരടങ്ങുന്ന പുരോഹിതസംഘത്തിന് നേരെ ആക്രമണമുണ്ടാവുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സാറ്റ്‌നയിലേക്ക് കരോള്‍ സംഘത്തെ പ്രവേശിക്കുന്നത് വിലക്കുകയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. സംഭവത്തില്‍ ഒരു പുരോഹിതനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്നാണ് രൂക്ഷവിമര്‍ശനവുമായി കര്‍ദ്ദിനാലെത്തുന്നത്.

chandrika: