X
    Categories: gulfNews

സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യയ്ക്കാര്‍; 155 മലയാളികള്‍

 

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 613 ഇന്ത്യക്കാര്‍ മരണത്തിന് കീഴടങ്ങിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇതില്‍ 155 പേര്‍ മലയാളികളാണ്. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സാമൂഹിക-മാധ്യമ രംഗത്തുള്ളവരുമായി നടത്തിയ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം സഊദിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് മിഷനിലൂടെ 87000 പേരെ ഇതിനകം നാട്ടിലെത്തിച്ചതായും ഔസാഫ് സഈദ് വ്യക്തമാക്കി. 162000 പേരാണ് എംബസി ഏര്‍പ്പെടുത്തിയ ലിങ്ക് വഴി നാട്ടില്‍ പോകാന്‍ ആകെ റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 32 ശതമാനവും കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവരായിരുന്നു. ഇത് അമ്പതിനായിരം കവിയും. ഹുറൂബ്, ഇഖാമ കാലാവധി തീര്‍ന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ 3500 ലധികം ആളുകള്‍ക്കും ഫൈനല്‍ എക്‌സിറ്റ് വാങ്ങി നാട്ടിലയക്കാന്‍ കഴിഞ്ഞതായും അംബാസഡര്‍ പറഞ്ഞു.

കോവിഡ് മൂലം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്ന പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. വിഎഫ്എസ് കേന്ദ്രങ്ങളുടെ സേവനങ്ങളും ഫീസും സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അറിയാക്കാവുന്നതാണെന്നും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് തിരിച്ചുള്ള യാത്രയെ സംബന്ധിച്ച ഇതുവരെ പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ സഊദിയിലേക്ക് മടങ്ങിവരാന്‍ അനുവദിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

 

 

Test User: