X

വിട്ടുപോകാതെ കൊവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദര്‍

കൊവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്തെമ്പാടും വലിയ തരംഗം തീര്‍ത്ത കൊവിഡ് ഇപ്പോള്‍ വലിയ തോതില്‍ പിന്മാറ്റം നടത്തിയെങ്കിലും അതിന്റെ അലയൊലികള്‍ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഉയര്‍ന്ന തോതിലുള്ള മലിനീകരണവും ആണ് ഇതിന് അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പനി, ചുമ, ജലദോഷം, തൊണ്ടവേദന, നെഞ്ചിലെ അസ്വസ്ഥത എന്നിവയുമായാണ് മിക്ക രോഗികളും ക്ലിനിക്കുകളില്‍ എത്തുന്നത്. പുതിയ ജെഎന്‍1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം നിരീക്ഷണം വര്‍ധിച്ചതോടെ കൊവിഡ് 19 ആശങ്കാജനകമായ തുടരുന്ന സാഹചര്യത്തില്‍ തന്നെ ഇന്‍ഫ്‌ലുവന്‍സ, ആര്‍.എസ്.വി, അഡെനോവൈറസ്, റിനോവൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ എന്നിവയും പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, ചുമ തുടങ്ങിയ മുകളിലെ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമേ ഓക്‌സിജന്റെ അളവ് കുറവും ശ്വാസതടസം, ന്യുമോണിയ എന്നിവയുമായാണ് രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത്. ഇതില്‍ മിക്കവര്‍ക്കും കൊവിഡ് 19, ഇന്‍ഫ്‌ലുവന്‍സ, എച്ച്1എന്‍1 എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കൊവിഡ് അണുബാധ മൂലം ശ്വാസപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകളുടെ സ്ഥിതി താഴ്ന്ന താപനിലയും ഉയര്‍ന്ന മലിനീകരണ തോതും മൂലം കൂടുതല്‍ വഷളാവുകയാണ്. രോഗികള്‍ക്കിടയില്‍ വില്ലന്‍ ചുമയും ശ്വാസനാളത്തിലെ വീക്കവും കാണപ്പെടുന്നുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്ത് ചെയ്യണം

മതിയായ വിശ്രമം എടുക്കുക. വീടിന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പടരുന്നത് ഇത്തരത്തില്‍ ഒഴിവാക്കാം. അതേസമയം ഉയര്‍ന്ന പനി 2 ദിവസത്തില്‍ കൂടുതല്‍ തുടരുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക.

പനി നിയന്ത്രിക്കാന്‍ പാരസെറ്റമോള്‍ പോലുള്ള ആന്റിപൈറിറ്റിക്‌സ്, നീരാവി ശ്വസിക്കുന്നത്, ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് തൊണ്ട കഴുകുന്നത് പോലെ മിക്ക രോഗികള്‍ക്കും സപ്പോര്‍ട്ടീവ് കെയര്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ആന്റിബയോട്ടിക് ചികിത്സയുടെ ആവശ്യം പലര്‍ക്കും വരുന്നില്ല.

അതിനാല്‍ അണുബാധകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായതിനാല്‍ ആളുകള്‍ അവ വാങ്ങി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ആന്റിവൈറലുകള്‍ക്ക് മാത്രമേ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. പാരസെറ്റമോളിനോട് ശരീരം പ്രതികരിക്കുന്നത് നിര്‍ത്തുകയോ ശ്വാസതടസവും ഉയര്‍ന്ന പനിയും ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

പ്രായമായവര്‍, വളരെ ചെറുപ്പക്കാര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, വിട്ടുമാറാത്ത ഹൃദയ, ശ്വാസകോശ, വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരാണ് ഈ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിക്ക രോഗികളും ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവരാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ആസ്മ, സിഒപിഡി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ള ആളുകള്‍ക്ക് പനിയുടെയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു.

രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, ഹസ്തദാനം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുക വഴി രോഗത്തെ അകറ്റി നിര്‍ത്തുക എന്നതാണ് ഏക മാര്‍ഗം. അപകടസാധ്യതയുള്ളവര്‍ പനി സീസണുകളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.

webdesk13: