X

കോവിഡ് ഭേദമായ ആള്‍ക്ക് നാല് മാസത്തിന് ശേഷം വീണ്ടും രോഗം

ഹോങ്കോങ്: കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഹോങ്കോങില്‍ നിന്ന് പുറത്ത് വരുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി.

എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത്തരത്തില്‍ ഒരു സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 23 മില്യന്‍ കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. ഒരിക്കല്‍ കൊറോണ വൈറസ് ബാധ ഉണ്ടായ ആളുകളില്‍ വൈറസിനെതിരെയുള്ള പ്രതിരോധം രൂപപ്പെടുകയും ഇത് വീണ്ടും രോഗം വരുന്നത് തടയുകയും ചെയ്യും. ഏറ്റവും മോശമായി രോഗം ബാധിച്ചവരിലാണ് ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുക. എന്നാല്‍ എത്രത്തോളം ശക്തമാണ് ഈ രോഗപ്രതിരോധശേഷിയെന്നും എത്ര കാലത്തോളം ഇത് നിലനില്‍ക്കുമെന്നും വ്യക്തമല്ല. രോഗം വന്ന് ഭേദമായവരില്‍ കൂടുതല്‍ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇതില്‍ വ്യക്തമായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

web desk 3: