X

കൊറോണ വൈറസ് ഒമ്പതു മണിക്കൂറില്‍ അധികം നേരം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കും

കോവിഡിന് ഒമ്പത് മണിക്കൂറില്‍ അധികം നേരം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുമെന്ന് പഠനം. സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കാതിരുന്നാലാണ് ഇത്തരത്തില്‍ നിലനില്‍ക്കാന്‍ കഴിയുക. ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ജേണലിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകേണ്ട ആവശ്യകത എത്ര മേല്‍ പ്രധാനമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒമ്പതു മണിക്കൂര്‍ നാലുമിനിറ്റു നേരമാണ് കോവിഡ് വൈറസിന് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുക. മൃതദേഹങ്ങളില്‍ നിന്ന് ചര്‍മ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തിയതിലൂടെയാണ് ഇതു കണ്ടെത്തിയത്. ഇന്‍ഫ്‌ലുവന്‍ഷ്യ എ വൈറസിന് മനുഷ്യ ശരീരത്തില്‍ രണ്ടു മണിക്കൂറില്‍ താഴെ മാത്രമേ ജീവിക്കാനാവുകയുള്ളുവെന്നും കൊറോണ വൈറസിന് ഇത് ഒമ്പതു മണിക്കൂര്‍ നാലു മിനിറ്റു വരെ കഴിയുമെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം വൈറസുകളെ കഫം പോലെയുള്ള വസ്തുവുമായി കലര്‍ത്തി ചര്‍മത്തില്‍ തേച്ചപ്പോള്‍ 11 മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്ന് കണ്ടെത്താനായി. അതിനാല്‍ തന്നെ ചുമ, തുമ്മല്‍ എന്നിവയിലൂടെ പകരുന്ന വൈറസിനെ കൂടുതല്‍ ജാഗ്രതയോടെ സമീപിക്കണം. അതേസമയം സാനിറ്റൈസര്‍ ഉപയോഗിക്കുന്നതോടെ ഈ വൈറസുകള്‍ 15 സെകന്റുകള്‍ക്കുള്ളില്‍ നിര്‍വീര്യമാകുമെന്നും പഠനം പറയുന്നു.

കോവിഡിനെ തുരുത്താന്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്റെ ഉപയോഗമോ, 20 സെക്കന്റ് നേരം സോപ്പും വെള്ളവും ഉപയോഗിച്ചുള്ള കൈ കഴുകലോ ആണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ്് പ്രിവന്‍ഷന്‍ ശിപാര്‍ശ ചെയ്യുന്നത്.

 

 

web desk 1: