X
    Categories: Newsworld

കോവിഡ്് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കോവിഡ് 26 ഉം 32 ഉം നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍

വാഷിങ്ടണ്‍: കോവിഡ് പോലുള്ള മഹാമാരികള്‍ ഭാവിയിലും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍. കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകത്തിന് ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

SARSCoV2 വൈറസ് ചൈനയിലെ വുഹാനിലുള്ള ലാബില്‍നിന്ന് പുറത്തെത്തിയതാകാം എന്ന നിഗമനത്തെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണെന്ന് ട്രംപ് ഭരണകൂടത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആയിരുന്ന സ്‌കോട് ഗോട്‌ലിയേബ് ചൂണ്ടിക്കാട്ടി. നിലവില്‍ ഫൈസറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അദ്ദേഹം.

മഹാമാരിയുടെ ഉത്ഭവം എവിടെ എന്നകാര്യം അജ്ഞാതമായ സാഹചര്യം ഭാവിയിലും ഇത്തരം ഭീഷണികള്‍ ഉണ്ടാകാനുള്ള സാധ്യത നിലനിര്‍ത്തുന്നുവെന്ന് ടെക്‌സാസ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ വാക്‌സിന്‍ ഡെവലപ്‌മെന്റ് കോ ഡയറക്ടര്‍ പീറ്റര്‍ ഹോട്ടേസ് മറ്റൊരു ടെലിവിഷന്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. കോവിഡ് 19 ന്റെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്തപക്ഷം കോവിഡ് 26 നും കോവിഡ് 32 നുമുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ചൈനയിലെ വുഹാനിലുള്ള സീഫുഡ് മാര്‍ക്കറ്റില്‍നിന്നാണ് പുതിയ വൈറസ് പടര്‍ന്നുപിടിച്ചത് എന്ന് കണ്ടെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ കൃത്യമായ ഉത്ഭവം എവിടെനിന്നാണ് എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. വൈറസ് വന്യജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാകാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍ ആദ്യം എത്തിച്ചേര്‍ന്നത്.

എന്നാല്‍ വൈറസ് റിസര്‍ച്ച് ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാവാം എന്ന നിഗമനം ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവും ഈ നിഗമനം ഗൗരവമായി എടുക്കുന്നുവെന്ന സൂചനയാണ് അടുത്തിടെ പുറത്തുവരുന്നത്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പുതിയ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈബന്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

 

 

web desk 3: