X

കോവിഡ് ബാധിതരില്‍ ആറ് മാസം വരെ രക്തം കട്ടപിടിക്കാന്‍ സാധ്യത

ലണ്ടന്‍: കോവിഡിന് കാരണമാകുന്ന സാര്‍സ്‌കോവ് 2 വൈറസ് ബാധിച്ചവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് ചെറിയ രൂപത്തില്‍ ബാധിച്ചവരില്‍ പോലും ആറു മാസം വരെ രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് ബാധിച്ച് മൂന്നു മാസം വരെ കാലില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ആറു മാസം വരെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും രോഗം ബാധിച്ച് രണ്ട് മാസം വരെ രക്തസ്രാവത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

കോവിഡിന്റെ ആദ്യ തരംഗത്തിലാണ് ഇത് കൂടുതലും പ്രകടമായത്. രണ്ട്, മൂന്ന് തരംഗങ്ങളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായും ഇത് സൂചിപ്പിക്കുന്നത് വാക്‌സിനേഷന്റെ ആവശ്യകതയാണെന്നും പഠനം പറയുന്നു. ഹൈറിസ്‌ക് രോഗികളിലാണ് പ്രശ്‌നങ്ങള്‍ കൂടുതലെന്നും സ്വീഡനിലെ ഉമിയ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. സ്വീഡനില്‍ 2020 ഫെബ്രുവരി ഒന്നു മുതല്‍ 2021 മെയ് 25വരെ കോവിഡ് ബാധിതരായ 10 ലക്ഷം പേരെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

web desk 3: