X

കോവിഡ് വാക്‌സിന് എത്ര രൂപ നല്‍കേണ്ടി വരും? ; രാജ്യത്ത് വാക്‌സിന്റെ വിലയില്‍ ആശയക്കുഴപ്പം

ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിലയില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യത. വാക്‌സിന്‍ വിതരണത്തിന് 50,000 കോടി രൂപ കേന്ദ്രം മാറ്റിവച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ സൗജന്യ വാക്‌സിന്‍ ഉള്‍പ്പെടുത്തിയതോടെ കേന്ദ്രസര്‍ക്കാരിന്റെ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യമൊട്ടാകെ വാക്‌സീന്‍ സൗജന്യമായി നല്‍കാനുള്ള സാധ്യത വിരളമായി.

നിലവിലെ കണക്കനുസരിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യം വാക്‌സിന്‍ ലഭ്യമാകാനാണ് സാധ്യത. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചു കുറഞ്ഞവിലയ്ക്കു സംസ്ഥാനങ്ങള്‍ക്കു നല്‍കും. സൗജന്യമായി നല്‍കണോ, എത്ര രൂപ ഈടാക്കണം എന്നിവ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. നിലവില്‍ തമിഴ്‌നാട് സൗജന്യ വാക്‌സീന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവില്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലുള്ളത് സീറം ഇന്‍സ്റ്റിറ്റിയൂട്ട് പരീക്ഷണം നടത്തുന്ന കോവീഷീല്‍ഡ് എന്ന വാക്‌സിനാണ്. അത് വിജയിച്ചാല്‍ 30 കോടി ഡോസ് വാക്‌സിന്‍ ജനുവരിയോടെ വിപണിയിലെത്തും.
ഒരു ഡോസിന് 250 രൂപയാണു കമ്പനി കണക്കുകൂട്ടുന്ന വില. ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനും ഗാവി വാക്‌സീനും നല്‍കുന്ന സഹായം മൂലമാണ് 1000 രൂപ എന്നത് 250 ആയി ചുരുങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ വാക്‌സീന്‍ ഉറപ്പാക്കാനാണ് ഈ സഹായം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുശേഷം കേന്ദ്ര-സംസ്ഥാന പൊലീസ് സേനാംഗങ്ങള്‍, സായുധ സേന എന്നിവര്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കാനാണ് തീരുമാനം. ഹോം ഗാര്‍ഡ്, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായിരിക്കും അടുത്ത മുന്‍ഗണ എന്നാണ് റിപ്പോര്‍ട്ട്.

web desk 3: