X

കോവിഡ് പിടിമുറുക്കി കോഴിക്കോട്; ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ ജില്ലയില്‍

 

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ല കോഴിക്കോടാണ്. 956 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്. മൂന്നു ജില്ലകളില്‍ ഇന്ന് തൊള്ളായിരം കടന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എറണാകുളത്ത് 924 പേര്‍ക്കും മലപ്പുറത്ത് 915 പേര്‍ക്കും അസുഖം ബാധിച്ചു. തിരുവനന്തപുരത്ത് ഇന്ന് 853 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട്ട് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്. പൊതുപരിപാടികളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് കളക്ടറുടെ ഉത്തരവ്.

മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ക്കും കല്യാണ ചടങ്ങുകളില്‍ അമ്പതുപേര്‍ക്കും മാത്രമാണ് പങ്കെടുക്കാനുള്ള അനുമതി. ആരാധനാലയങ്ങളില്‍ അമ്പതുപേര്‍ക്കും പ്രവേശിയ്ക്കാം. നീന്തല്‍കുളങ്ങള്‍, ഓഡിറ്റോറിയം, കളിസ്ഥലങ്ങള്‍ എന്നിവ അടച്ചിടാനും കളക്ടര്‍ ഉത്തരവിട്ടു.

ഇരുനൂറിലധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാളയം പച്ചക്കറി മാര്‍ക്കറ്റ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു. സമൂഹവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഹാര്‍ബറുകളിലും പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസം തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ആകെ ഇന്ന് 7445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോള്‍ 3391 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

web desk 1: