X

സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തില്‍ സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ഭൂമാഫിയക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുകയാണെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ വിമര്‍ശിച്ച നേതാവിന് ബുദ്ധിഭ്രമമാണെന്നും ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ ഏകാധിപത്യനിലപാടുകള്‍ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജനയുഗത്തിലൂടെ മൂന്നാര്‍ വിഷയത്തില്‍ തങ്ങള്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന സൂചനയാണ് സി.പി.ഐ നല്‍കുന്നത്. ‘ഭൂ-ഭവനരഹിതര്‍ക്ക് മൂന്നേക്കര്‍ ഭൂമി, മൂന്നുനില വീട്’ എന്ന തലക്കെട്ടില്‍ ദേവികയെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്നു സ്വയം പ്രഖ്യാപിക്കുന്നതാണ് മൂന്നാറില്‍ നടക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്.”ഒരു നൂല്‍പ്പാലത്തിലൂടെ ഓരോ ചുവടും സഞ്ചരിച്ചുവേണം ഇടതുമുന്നണി പ്രകടനപത്രികയിലെ ഭൂ-ഭവനരഹിതര്‍ക്ക് വീടും ഭൂമിയുമെന്ന വാഗ്ദാനം നടപ്പാക്കാന്‍. പക്ഷേ മാഫിയാപറ്റങ്ങള്‍ ഈ നൂല്‍പ്പാലം മുറിച്ചുകളഞ്ഞാലോ. പരിസ്ഥിതി ദുര്‍ബലമായ മൂന്നാറിനെ രക്ഷിക്കാനുള്ള കാലം തന്നെ അതിക്രമിക്കുന്നതിനിടെയാണ് അവിടെ മാഫിയ പിടിമുറുക്കുന്നത്. ഭൂമിയില്ലാത്ത പാവങ്ങള്‍ സര്‍ക്കാര്‍ വക ഒരുതുണ്ടു ഭൂമി കയ്യേറി അതിലൊരു കൂരകെട്ടി ആകാശമേലാപ്പിനു കീഴേ അഭയം തേടിയാല്‍ അതു മനസിലാക്കാം.
എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും റവന്യു വകുപ്പിന്റെ മൂന്നും നാലും ഏക്കര്‍ കയ്യേറി അവയില്‍ ബഹുനില മന്ദിരങ്ങളും ആഡംബര റിസോര്‍ട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നവര്‍ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടകക്രിമിനലുകളെ ഇറക്കി ആക്രമിക്കുന്ന സംഭവ പരമ്പരകളാണ് മൂന്നാറില്‍ അരങ്ങേറുന്നത്.
സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറിമാഫിയ മൂന്നാറിന്റെ മാറുതുരന്ന് കരിങ്കല്‍ ഖനനം നടത്തുമ്പോള്‍ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് സമരാഭാസത്തിനിറങ്ങുക, ജനപ്രതിനിധി തന്നെ അതിനു നേതൃത്വം നല്‍കുക എന്നിങ്ങനെ കാര്യങ്ങള്‍ നീങ്ങുന്നതും നീക്കുന്നതും ഇടതുകുപ്പായമണിഞ്ഞവര്‍ക്കു ഭൂഷണമല്ല. ആ കുപ്പായം അവര്‍ക്കു ചേരുന്നതുമല്ല. കയ്യേറ്റക്കാരെ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാടിനെ കേരളീയ പൊതുസമൂഹം മുക്തകണ്ഠം പ്രശംസിക്കുമ്പോള്‍ മന്ത്രി ബുദ്ധിമോശമാണ് കാട്ടുന്നതെന്ന ഒരു നേതാവിന്റെ അഭിപ്രായത്തെ മിതമായ ഭാഷയില്‍ ബുദ്ധിഭ്രമമെന്നേ മാലോകര്‍ വിലയിരുത്തുകയുള്ളു. ആ സ്വരം മാഫിയകളില്‍ നിന്നു കടമെടുത്തതാണെന്ന് കൂടി പറയേണ്ടിവരും. കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തെ ഓലപ്പീപ്പിയൂതി തോല്‍പിച്ചുകളയാമെന്ന മാഫിയകളുടെ ഉള്ളിലിരിപ്പ് ഇവിടെ ചെലവാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.
മൂന്നാറില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖ സി.പി.എം നേതാക്കള്‍ നടത്തിയ ഭൂമികയ്യേറ്റവും വീടുനിര്‍മാണവും തടയാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചതാണ് സി.പി.ഐ-സി.പി.എം പോരിനിടയാക്കിയത്.

chandrika: