X

എം.എം മണിക്കെതിരെ സി.പി.ഐ

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള വൈദ്യുതി മന്ത്രി എം.എം മണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ രംഗത്ത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. അതിരപ്പിള്ളി നടപ്പാക്കാന്‍ അനുവദിക്കില്ല. കെ.എസ്.ഇ.ബിയിലെ ചില എഞ്ചിനീയര്‍മാരാണ് പദ്ധതിക്ക് പിന്നിലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

മഴ കുറഞ്ഞ സാഹചര്യത്തി ല്‍ പരിസ്ഥിതിയെ കണക്കിലെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. നിലവിലുള്ള പ്രസരണ നഷ്ടം ഒഴിവാക്കിയാല്‍ തന്നെ വൈദ്യുതി ലാഭിക്കാം. പത്തോളം കുടിവെള്ള പദ്ധതികള്‍ അതിരപ്പിള്ളിയില്‍ നിന്നുണ്ട്. ഇതിനെയെല്ലാം നിര്‍ദിഷ്ട പദ്ധതി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വനം നഷ്ടപ്പെടുമെന്ന പരാതികളില്‍ വലിയ കാര്യമൊന്നുമില്ലെന്ന് മന്ത്രി എം.എം മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞാണ് വനം നഷ്ടപ്പെടുമെന്ന തരത്തില്‍ ഉയരുന്ന പരാതികള്‍ ഗൗരവമുള്ളതല്ലെന്ന മന്ത്രി പ്രസ്താവിച്ചത്. വൈദ്യുതിയാണ് പ്രധാനം. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും. അതിരപ്പിള്ളി വൈദ്യുത പദ്ധതിക്കെതിരാണെന്ന് കോണ്‍ഗ്രസ് നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിരപ്പിള്ളി നടപ്പിലാകണമെന്നാണ് സി.പി.എമ്മിന്റെയും തന്റെയും ആഗ്രഹം. മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികള്‍ ഇതിനെകുറിച്ച് പുനരാലോചിക്കണമെന്നും മണി ആവശ്യപ്പെട്ടിരുന്നു. ഇ തി നുപിന്നാലെയാണ് ആദ്യം മുതലുള്ള എതിര്‍പ്പ് കടുപ്പിച്ച് സി.പി.ഐ വീണ്ടും രംഗത്ത് എത്തിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റ് നാലാം നാള്‍ മന്ത്രിമാര്‍ക്കിടയിലെ ആദ്യതര്‍ക്കമായി അതിരപ്പിള്ളി മാറിയിരുന്നു. പിന്നീട് ഒട്ടേറെ തവണ പദ്ധതിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും പരസ്പരം ഏറ്റുമുട്ടി.
അതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഇല്ലാത്ത വിഷയമാണെന്ന് ചൂ ണ്ടിക്കാട്ടിയാണ് സി.പി.ഐ സം സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം നീക്കത്തെ പ്രതിരോധിച്ചത്. എന്നാല്‍ വന്‍കിട ഊര്‍ജോല്‍പാദന പദ്ധതികളില്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു സി.പി.എം നിലപാട്. വിശദമായ ചര്‍ച്ചകളില്ലാതെ വിവാദപദ്ധതികളില്‍ നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കരുതെന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്.

chandrika: