X

സി.പി.ഐയെ ഇനിയും വിമര്‍ശിക്കരുതെന്ന് അന്‍വറിന് സി.പി.എമ്മിന്റെ താക്കീത്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്‌സഭാ സ്ഥാനാര്‍ഥി പി.വി അന്‍വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് സി.പി.എം അന്‍വറിനെ താക്കീത് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയെ ആവര്‍ത്തിച്ചു വിമര്‍ശിക്കുകയായിരുന്നു എം.എല്‍.എ കൂടിയായ പി.വി അന്‍വര്‍. മുന്നണി മര്യാദകളെ ബാധിക്കുന്ന വിധം അന്‍വറിന്റെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും അതിരു കടക്കുകയും ചെയ്തതോടെയാണ് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കില്ലെന്ന് സി.പി.എം അന്‍വറിന് താക്കീത് നല്‍കി.

സി.പി.ഐ നേതാക്കള്‍ എല്ലാ കാലത്തും തന്നെ ദ്രോഹിച്ച ചരിത്രമാണുള്ളതെന്നാണ് അന്‍വര്‍ നടത്തിയ വിവാദ പരാമര്‍ശം. വയനാട്ടിലെ
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.പി.ഐ നേതാവ് പി.പി സുനീര്‍ മുസ്ലിംലീഗില്‍ ചേരാനിരിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സി.പി.ഐ നേതാക്കളില്‍ ഇത് കടുത്ത അസംതൃപ്തിയുണ്ടാക്കി. ജില്ലയിലാകെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ടത്. പി.വി അന്‍വര്‍ എം.എല്‍.എ യെ തള്ളി സി.പി.എം. സി.പി.ഐക്കെതിരായ പി.വി അന്‍വറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ,എന്‍ മോഹന്‍ദാസ്. ഇത്തരം പ്രസ്താവനകളോട് സി.പി.എമ്മിന് യോജിപ്പില്ല. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ദാസ് മലപ്പുറത്ത് പറഞ്ഞു.

web desk 1: