X

തെരഞ്ഞെടുപ്പ് തോല്‍വി ; സി.പി.എമ്മിന് പാര്‍ലമെന്റ് ഹൗസിലെ ഓഫീസ് നഷ്ടമായേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കുപിന്നാലെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പാര്‍ലമെന്റ് ഹൗസിലെ ഓഫീസ് സിപിഎമ്മിന് നഷ്ടമായേക്കും. പാര്‍ലമെന്റ് ഹൗസിലെ മൂന്നാം നിലയിലെ റൂം നമ്പര്‍ 135 ആണ് സിപിഎമ്മിന്റെ ഓഫീസ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് കുറഞ്ഞതാണ് ഓഫീസ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ മാത്രമാണ് സിപിഎമ്മിന് നേടാനായത്. നിലവില്‍ രാജ്യസഭയില്‍ സിപിഎമ്മിന് 5 എംപിമാര്‍ മാത്രമാണുളളത്.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എക്കാലത്തേയും മോശം പ്രകടനമാണ് ഇടതുപക്ഷം നടത്തിയത്. അഞ്ചു വര്‍ഷം മുമ്പ് 29.93 % ഉണ്ടായിരുന്ന വോട്ടുനില ഇത്തവണ 7.48 % ആയി ചുരുങ്ങി. 2004 ലെ തിരഞ്ഞെടുപ്പിലാണ് സിപിഎം മികച്ച നേട്ടം സ്വന്തമാക്കിയത്. 43 സീറ്റുകളാണ് പാര്‍ട്ടി നേടിയത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും ഇത്തവണ പാര്‍ട്ടിക്ക് ഒരു സീറ്റ്‌പോലും നേടാനായില്ല. 2014ല്‍ ബംഗാളിലും ത്രിപുരയിലും രണ്ടിടത്തു വീതം സിപിഎം സ്ഥാനാര്‍ഥികളാണു ജയിച്ചത്. എന്നാല്‍ ഇത്തവണ ഒരിടത്തുപോലും ജയിച്ചില്ല.
ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമേ ജയിക്കാനായുളളൂ. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പല സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ തോറ്റത്.

web desk 3: