X

വിദേശനിക്ഷേപം, വിദേശസര്‍വകലാശാല: സി.പി.എം നയരേഖയില്‍ അടിമുടി വ്യതിയാനം

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിവിധ വിദേശ- സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കി ഇടതുമുന്നണി. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖക്കാണ് ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം അംഗീകാരം നല്‍കിയത്. കോര്‍പറേറ്റുകള്‍ക്കെതിരെ നിരവധി സമരങ്ങള്‍ നടത്തി കേരളത്തിന്റെ വികസനത്തിന് വിഖാതം സൃഷ്ടിച്ച സി.പി.എമ്മും ഇടതുമുന്നണിയും ഇനി മുതല്‍ ഏതുതരത്തിലുള്ള വിദേശനിക്ഷേപവും സ്വീകരിക്കാമെന്ന നിലയിലേക്ക് നയം മാറ്റിയിരിക്കുകയാണ്. ഇതാദ്യമായി വിദേശനിക്ഷേപത്തിലടക്കം നയരേഖ അംഗീകരിച്ചുകൊണ്ട് നേരത്തെയുള്ള കോര്‍പറേറ്റ് വിരുദ്ധ യുദ്ധങ്ങള്‍ക്ക് വിരാമമിടുകയാണ് ഇടതുമുന്നണി.
സി.പി.എമ്മിന്റെ അന്ധമായ പ്രത്യയശാസ്ത്ര പിടിവാശിയാണ് പലപ്പോഴും ഇത്തരം വിഷയങ്ങള്‍ക്ക് പിന്നിലുണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ, വികസന മേഖലകളില്‍ സ്വകാര്യ വിദേശ നിക്ഷേപത്തെ വന്‍തോതില്‍ ക്ഷണിക്കലും തൊഴിലാളി മേഖലയില്‍ നിലനില്‍ക്കുന്ന കാലഹരണപ്പെട്ട നിലപാടുകള്‍ തിരുത്തലുമാണ് ഇത്തവണ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലുണ്ടായിരുന്നത്. ഇത് പാര്‍ട്ടിയില്‍ വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളും പദ്ധതികളും കാലങ്ങളായി സംസ്ഥാനത്ത് വിവിധ മേഖലകളിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്ന വിഷയങ്ങളായിരുന്നു. അപ്പോഴെല്ലാം അവരെ മുതലാളിത്ത വക്താക്കളായി ആക്ഷേപിക്കുകയായിരുന്നു സി.പി.എം ചെയ്തത്. സി.പി.എം നയരേഖയും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകളിലുണ്ടാക്കിയ ധാരണകളുടെയും പുറത്താണ് ഇപ്പോഴത്തെ നയംമാറ്റമെന്ന് വ്യക്തം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്ന് യോഗത്തിന് ശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യും. വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി.പി.എമ്മിന്റെ നയം മാറ്റമല്ലെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നും സ്വാശ്രയ സമരത്തെ കുറിച്ച് ഇ.പി പറഞ്ഞു.

സ്വകാര്യ സര്‍വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാല്‍ മാത്രം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക മാറ്റത്തിന് തീരുമാനം. സ്വാശ്രയ കോളജുകളെ എതിര്‍ത്ത് വിദ്യാഭ്യാസം പൊതുമേഖലയില്‍ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പച്ചക്കൊടി. വിദ്യാഭ്യാസ മേഖലയില്‍ വിളിച്ച പഴയ മുദ്രാവാക്യങ്ങള്‍ക്കും നയങ്ങള്‍ക്കുമെല്ലാം ഇതോടെ വിട പറയുകയാണ് എല്‍.ഡി.എഫും സി.പി. എമ്മും. സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരള നിര്‍മ്മണത്തിനുള്ള വികസന രേഖക്കാണ് എല്‍ഡിഎഫ് അംഗീകാരം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മിറ്റി സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് ശുപാര്‍ശ മുന്നോട്ട് വെച്ചിരുന്നു. അതിനാണിപ്പോള്‍ അംഗീകാരം. മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സര്‍വ്വകലാശാലകള്‍ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സ്വകാര്യ സര്‍വകലാശാലകള്‍ക്കായിരിക്കും.

 

Chandrika Web: