X

വ്യക്തിയിലേക്ക് ചുരുങ്ങുന്ന സി.പി.എം-എഡിറ്റോറിയല്‍

സി.പി.എം എന്ന പാര്‍ട്ടി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വ്യക്തികളിലേക്ക് ചുരുങ്ങുന്നതായാണ് വര്‍ത്തമാന സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. വ്യക്തിപൂജക്കു സ്ഥാനമില്ലായിരുന്നു അടുത്തകാലം വരെയും ആ പാര്‍ട്ടിയില്‍. പാര്‍ട്ടിക്കു ഉയരെ വളരുന്നവരെ നിലക്കുനിര്‍ത്താനും താക്കീതു നല്‍കാനും കെല്‍പുണ്ടായിരുന്നു. കാലം മാറി, കഥ മാറി. പിണറായി യുഗത്തില്‍ വ്യക്തിപൂജയും സ്തുതി ഗീതങ്ങളും പാട്ടും തിരുവാതിരയുമെല്ലാമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ മെഗാ തിരുവാതിരക്കളി അത്തരത്തിലുള്ളതായിരുന്നു. പൂവരണി നമ്പൂതിരി രചന നിര്‍വഹിച്ച ഗാനമുടനീളം പിണറായി വിജയന്റെ സ്തുതി പാടുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷകൂടിയായ വി.ആര്‍ സലൂജയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ചതായിരുന്നു തിരുവാതിര.

ഇടുക്കിയില്‍ എസ്.എഫ്.ഐക്കാരനായ ധീരജ് രവീന്ദ്രന്റെ നാടും പാര്‍ട്ടിയും ദുഃഖിച്ചിരിക്കുമ്പോഴാണ് തിരുവാതിര അരങ്ങേറിയത്. ഇടുക്കിയില്‍നിന്ന് ധീരജിന്റെ ജന്മനാടായ കണ്ണൂരിലേക്ക് വിലാപയാത്ര നീങ്ങുമ്പോള്‍ പാറശാലയില്‍ തിരുവാതിരകളിയും കണ്ട് താളം പിടിച്ചും കൈകൊട്ടിയും ഇരിക്കുകയായിരുന്നു നേതാക്കള്‍. വിലാപയാത്രയും തിരുവാതിരകളിയും ഒരുമിച്ചു നടത്താന്‍ പ്രാപ്തമായ പാര്‍ട്ടി എന്ന വിശേഷണവും സി.പി.എമ്മിനു സ്വന്തം. പിണറായി വിജയനെ പാടിപ്പുകഴ്ത്തുന്നതാണ് തിരുവാതിര. പാറശാലയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു മെഗാ തിരുവാതിര. ധീരജിന്റെ വേര്‍പാടില്‍ കണ്ണീരുണങ്ങും മുമ്പേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിഷേധമുണ്ട്. ഔദ്യോഗിക നേതൃത്വത്തെ പ്രീണിപ്പിച്ച് അധികാരം കൈയടക്കാനുള്ള ചിലരുടെ ശ്രമമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതെന്നും ആരോപണമുണ്ട്. പലരും ഇങ്ങനെ ചെയ്യുമ്പോള്‍ അതിനെ ശാസിക്കാതെ അത് ആസ്വദിക്കുന്ന നേതൃത്വം ആയിരിക്കുമല്ലോ അണികള്‍ക്ക് ഇതിനു പ്രചോദനമായത്. ആരാധിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും വെറുതെ ബഹുമാനിക്കുന്നവര്‍ക്ക് പരിഗണനക്കുറവും തുല്യരായി കാണുന്നവര്‍ക്ക് ഒതുക്കലും ആണ് കിട്ടുന്നതെങ്കില്‍ ആ നേതൃത്വത്തിന്റെ മനസ്സറിഞ്ഞാവും അണികളുടെ പ്രവര്‍ത്തി. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ്.

ഇ.എം.എസ്, എ.കെ.ജി, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നീ നേതാക്കള്‍ക്കും ഒറ്റവരിയില്‍ ഇടം നല്‍കിയപ്പോള്‍ പാട്ടിലുടനീളം പിണറായി സ്തുതി ആവര്‍ത്തിക്കുകയാണ്. എന്നാല്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാട്ടിലുള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല. നേതാക്കളെ പ്രീണിപ്പിക്കാന്‍ നടു വളഞ്ഞും കുനിഞ്ഞു നിന്നും എന്തും ചെയ്തു കൊടുക്കുക എന്നത് പാര്‍ട്ടിക്കുള്ളിലെ ഒരു ശൈലിയായി മാറിയിരിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന മിക്ക സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. പാട്ടുകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് പിണറായി മാത്രം. ഇപ്പോള്‍ പോസ്റ്ററുകളിലും പിണറായിയുടെ മുഖം മാത്രമേ പ്രത്യക്ഷപ്പാടാറുള്ളു. നേരത്തെ പോസ്റ്ററുകളില്‍ ഫോട്ടോ വെക്കുന്ന പരിപാടി സി.പി.എമ്മിലില്ലായിരുന്നു.

എന്നാല്‍ ഇത് പിണറായി വിജയനു മാത്രമേ ബാധകമാകുന്നുള്ളൂ എന്നതാണ് രസകരം. ‘കണ്ണൂരിന്‍ പൊന്‍താരകമല്ലോ, ചെഞ്ചോര പൊന്‍കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ പി. ജയരാജന്‍ ധീരസഖാവ്’ എന്ന പാട്ട് കണ്ണൂരിലെ പി.ജെ ആര്‍മി പുറത്തിറക്കിയപ്പോള്‍ അച്ചടക്ക വാളോങ്ങിയ സി.പി.എം, പാറശാലയിലെ പിണറായി സ്തുതിക്കു കൈത്താളമിടുകയായിരുന്നു. ഇതിന്റെ പേരില്‍ ജയരാജനെ ഒതുക്കാനും പാര്‍ട്ടി തയാറായി. പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിക്കു മേലെ വളരാന്‍ ആരെയും അനുവദിക്കില്ല എന്നായിരുന്നു അന്ന് പാര്‍ട്ടിയുടെ നിലപാട്. കോവിഡ് നാടു മുഴുവന്‍ പടര്‍ന്നുപിടിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവാതിര കളിച്ചതും അപലപിക്കപ്പെടേണ്ടതാണ്. മറ്റു പാര്‍ട്ടികള്‍ നടത്തുന്ന സമ്മേളങ്ങളില്‍ മാനദണ്ഡം പാലിച്ചില്ലെന്നു പറഞ്ഞ് നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഇവര്‍ക്കു ഒത്താശ ചെയ്തുകൊടുക്കുന്നത്.

web desk 3: