X

വഖഫ് ബോര്‍ഡില്‍ യുഡിഎഫും അമുസ്‌ലിം നിയമനം നടത്തിയെന്നത് സിപിഎം നുണ പ്രചാരണം; എം. സി മായിന്‍ ഹാജി

കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ യു.ഡി.എഫും അമുസ്ലിം നിയമനം നടത്തിയെന്ന് നുണ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന് മറുപടിയുമായി വഖഫ് ബോര്‍ഡ് അംഗം എം. സി മായിന്‍ ഹാജി. 62 വര്‍ഷത്തെ ബോര്‍ഡിന്റെ ചരിത്രത്തില്‍ സ്വീപ്പര്‍, വാച്ച്മാന്‍ തസ്തികകളില്‍ മുസ്ലിം സമുദായത്തില്‍ ഉള്ളവരല്ലാത്തവരെ നിയമിച്ചു എന്നതൊഴിച്ചാല്‍ ഓഫീസിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരു തസ്തികയിലും മുസ്ലിമല്ലാത്ത ഒരാളേയും നിയമിച്ചതായ ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്‌സണല്‍ അറ്റന്‍ഡര്‍ എന്ന സുപ്രധാനമായ ഒരു പോസ്റ്റില്‍ മുസ്ലിമല്ലാത്ത ഒരാളെ നിയമിച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ അഹിന്ദുക്കളേയും, വഖഫ് ബോര്‍ഡില്‍ അമുസ്ലിമീങ്ങളേയും നിയമിക്കുന്നത് ഒരു കാരണവശാലും ശരിയല്ല യെന്നതിനാലാണ് ഇന്ന് വരെ ആരും അതിന് മുതിരാതിരുന്നത്. അവിടെ വര്‍ഗീയതയുടെ പ്രശ്‌നം ഉദിക്കുന്നേയില്ല. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നത് പോലെ പള്ളി, മദ്രസ്സ, അറബി കോളേജ്, യതിംഖാന, അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മുസ്ലിമീങ്ങള്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ എന്നിവ മാത്രം കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതം കൊണ്ട് മാത്രമാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് ഇവിടെ മുസ്ലിമീങ്ങളെ മാത്രമെ നിയമിക്കാവൂ എന്ന് റഗുലേഷനില്‍ വ്യവസ്ഥ ചെയ്തിരുന്നത്.- അദ്ദേഹം വിശദീകരിച്ചു.

2020 മുതല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അത് അട്ടിമറിച്ച് മുസ്ലിമീങ്ങളാല്ലാത്തവരടക്കമുള്ളവര്‍ക്ക് നിയമനം നേടാവുന്ന തരത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയമനം പി.എസ്.സിക്ക് വിടുകയും ബോര്‍ഡ് റഗുലേഷനില്‍ നിന്ന് ആ വ്യവസ്ഥ എടുത്ത് മാറ്റുകയും ചെയ്തു. അതിനെയാണ് മുസ്ലിം സമുദായം ഒന്നടങ്കം ഇപ്പോള്‍ എതിര്‍ത്ത് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ വി.എസ്. സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്‌സണല്‍ അറ്റന്‍ഡറായി മുസ്ലിം സമുദായക്കാരനല്ലാത്ത ഒരാളെ നിയമിച്ചു കൊണ്ട് മുസ്ലിം സമുദായ സ്ഥാപനങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം സ്ഥാപിതമായ വഖഫ് ബോര്‍ഡില്‍ നിന്ന് മുസ്ലിമീങ്ങളെ ക്രമേണ ഒഴിവാക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ മുസ്ലിം വിരുദ്ധത നടപ്പിലാക്കാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. ഞാനും, ഉബൈദുള്ള എം.എല്‍.എയും, അഡ്വ.പി.വി.സൈനുദ്ദീനും ഈ വിഷയം ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ചതാണ്. അതില്‍ ബോര്‍ഡ് ചെയര്‍മാനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും നിഷേധാത്മക നിലപാട് സ്വീകരിച്ചു. വഖഫ് ബോര്‍ഡില്‍ ഞാന്‍ നേരത്തെ പറഞ്ഞ തസ്തികയിലല്ലാതെ ഡിവിഷണല്‍ ഓഫീസര്‍, എല്‍.ഡി സെറ്റനോഗ്രാഫര്‍ എന്നീ പോസ്റ്റുകളില്‍ സി.എം.മഞ്ജു, പി.എ.ബെന്‍സി എന്നിവര്‍ അമുസ്ലിമീങ്ങളാണ് എന്ന് തെറ്റായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇവര്‍. ഈ രണ്ട് പേരും നല്ല വിശ്വാസികളായ മുസ്ലിമീങ്ങളാണ്.

മഞ്ജുവിന്റെ പിതാവ് മുഹമ്മദ് അബ്ദുറഹിമാനും, ഭര്‍ത്താവ് ഷജീറുമാണ്. എറണാകുളം ജില്ലയിലെ കലൂര്‍ മുസ്ലിം ജമാഅത്തിലെ അംഗങ്ങളാണ് ഇവര്‍. ബെന്‍സിയുടെ പിതാവ് അബ്ദുല്‍ ഖാദറും, ഭര്‍ത്താവ് നാസറുമാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ പെരും പടന്ന മുസ്ലിം ജമാഅത്തിലെ അംഗങ്ങളാണ് ഇവര്‍. ചരിത്രത്തില്‍ ഇന്നേ വരെ വഖഫ് ബോര്‍ഡില്‍ ഫയല് കാണുന്ന ഒരാളും മുസ്ലിമല്ലാത്തതായി ജോലി ചെയ്തിട്ടില്ല എന്ന സത്യത്തെ മറച്ച് പിടിക്കാന്‍ മുസ്ലിമങ്ങളെ അമുസ്ലിമീങ്ങളാക്കി പ്രചരിപ്പിച്ചത് കൊണ്ട് സാധിക്കുകയില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയും, അബ്ദുറഹിമാന്‍ വഖഫ് മന്ത്രിയും, ടി.കെ.ഹംസ ചെയര്‍മാനും, വി.എസ്.സക്കീര്‍ ഹുസൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഈ കാലത്ത് മുസ്ലിം സമുദായം ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതുണ്ട് എന്നാണ് മനസ്സിലാവുന്നത്. സമുദായ സംഘടനകള്‍ ജാഗ്രത പാലിക്കണം. -അദ്ദേഹം പറഞ്ഞു.

Chandrika Web: