X

പെരിയ ഇരട്ടക്കൊല: നേതാക്കള്‍ കുടുങ്ങിയതോടെ പരസ്യ നിയമ സഹായവുമായി സി.പി.എം രംഗത്ത്


കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിയുടെ പങ്ക് തള്ളിയ സി.പി.എം, കേസില്‍ ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ കുടുങ്ങിയതോടെ നിയമ സഹായവുമായി രംഗത്തെത്തി. നേരത്തെ പിതാംബരനും സംഘത്തിനും വേണ്ടി വാദിച്ച അഡ്വ. ദിലീഷ് കുമാറാണ് വക്കാലത്തായിട്ടുണ്ടായിരുന്നത്.
ഇയാള്‍ക്കാണ് വക്കാലത്തെങ്കിലും മഹിള അസോസിയേഷന്‍ നേതാവ് അഡ്വ. ബിന്ദുവിന്റെ പ്രേരണയിലാണ് അഡ്വ. ദിലീഷ് വക്കാലത്ത് ഏറ്റടുത്തതെന്ന് സംസാരമുണ്ടായിരുന്നു. പാര്‍ട്ടി പ്രതികളെ തള്ളി പറഞ്ഞതിനാല്‍ പാര്‍ട്ടി നിയമ സഹായമായി പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നില്ല. അഡ്വ. ദിലീഷ് കുമാര്‍ മാത്രമായിരുന്നു ആസമയങ്ങളിലെല്ലാം വക്കാലത്തിന് എത്തിയിരുന്നത്. എന്നാല്‍ ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ കുടുങ്ങിയതോടെ നേരത്തെ രഹസ്യമായി നിന്ന നിയമ സഹായങ്ങള്‍ നല്‍കിയവര്‍ പോലും പരസ്യമായി രംഗത്തുവന്നു. ഇവര്‍ക്കായി പാര്‍ട്ടി വക്കീലായ മുന്‍ സി.പി.എം എം.എല്‍.എ അഡ്വ. പുരുഷോത്തമന്റെ മകന്‍ അഡ്വ. ദിനേശന്‍ തന്നെ ഹാജരായിരുന്നു. നേരത്തെ രഹസ്യമായി വക്കാലത്ത് നല്‍കിയിരുന്ന അഡ്വ. ബിന്ദുവും കൂടെ ഹാജരായി. കൂടാതെ ഇതുവരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് എത്താതിരുന്നു പാര്‍ട്ടി നേതാക്കളും അണികളും കോടതി പരിസരത്ത് തടിച്ചു കൂടുകയും ചെയ്തിരുന്നു.
അതേസമയം പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണനും കേസ് തെളിഞ്ഞാല്‍ പ്രധാന പ്രതികള്‍ക്ക് കിട്ടുന്നതിന്റെ മൂന്നിലൊന്ന് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി 201, 212 വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

നേതാക്കളുടെ അറസ്റ്റ് സി.ബി.ഐയുടെ
വരവ് തടയാന്‍: ചെന്നിത്തല


തിരുവനന്തപുരം: കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സി.പി.എം നേതാക്കളുടെ അറസ്റ്റ് സി.ബി.ഐ അന്വേഷണം വരുമെന്നു കണ്ടതോടെയാണെന്നും ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അറസ്റ്റിലായ സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

web desk 1: