X
    Categories: keralaNews

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാക്കള്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കളക്റ്ററേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണു പ്രസാദ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എം.എം അന്‍വര്‍, അന്‍വറിന്റെ ഭാര്യ അയ്യനാട് ബാങ്ക് ഡയറക്ടര്‍ കൗലത്ത്, ഇടനിലക്കാരന്‍ മഹേഷ്, മഹേഷിന്റെ ഭാര്യ നീതു, സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എന്‍.എന്‍ നിഥിന്‍, നിഥിന്റെ ഭാര്യ ഷിന്റു എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വഞ്ചന, ഗൂഢാലോചന, പണംതട്ടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ജനങ്ങളെയും സര്‍ക്കാരിനേയും പ്രതികള്‍ വഞ്ചിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ 1200ഓളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

കേസെടുത്ത് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുറ്റപത്ര സമര്‍പ്പണം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. കളക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസില്‍ മാത്രമാണ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ കളക്ടറേറ്റ് ജീവനക്കാരന്റെയും കൂട്ടാളികളായ സിപിഎം നേതാക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് ആദ്യത്തെ കേസ്. ഈ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ഇപ്പോഴത്തെ കളക്ടര്‍ എസ്.സുഹാസ്, എഡിഎം, ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ 175 സാക്ഷികളാണ് കേസിലുള്ളത്. കളക്റ്ററേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണു പ്രസാദും സിപിഎം നേതാക്കളും ചേര്‍ന്ന് ഏകദേശം ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. രണ്ട് ഘട്ടങ്ങളിലായി 2.33 കോടി രൂപയാണ് വിഷ്ണുവും കൂട്ടുപ്രതികളും തട്ടിയെടുത്തത്. തട്ടിപ്പിന്റെ ആദ്യ വിവരങ്ങള്‍ പുറത്തുവന്ന വേളയില്‍ 23 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കാണാതായിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ 1.63 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. രണ്ടാമത്തെ കേസില്‍ മാത്രം 73 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സംശയിക്കുന്നത്. കേസിലെ പ്രതികളായ അന്‍വറിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് 10.54 ലക്ഷം രൂപയാണ് പലതവണയായി എത്തിയത്. ഉന്നത തല അന്വേഷണം ഭയന്ന് കേസ് വിവാദമായപ്പോള്‍ തന്നെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗം വരെ കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും ബാങ്കിലേക്കോ സിപിഎം ഉന്നത നേതാക്കളിലേക്കോ ഇതുവരെ അന്വേഷണം എത്തിയിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: