X

സി.പി.എം സമ്മേളനങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണം-എഡിറ്റോറിയല്‍

CPIM FLAG

കേരളത്തിലെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് മന്ത്രി വീണജോര്‍ജോ, ഉദ്യോഗസ്ഥരോ, അതോ സി.പി.എം സംസ്ഥാന കമ്മിറ്റിയോ? കേരളത്തില്‍ കോവിഡ് ടി.പി.ആര്‍ നിരക്ക് ഇതാദ്യമായി 30 ശതമാനം കടക്കുന്നത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. 30 നുമുകളില്‍ കടന്ന ജില്ലകളില്‍ പൊതുപരിപാടികളും മതപരമായ ചടങ്ങുകളുമുള്‍പ്പെടെ 50 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ ഉത്തരവിറക്കിയത് അന്നാണ്. രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണും കൂടുതല്‍ നിയന്ത്രണങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു. അതേ ആരോഗ്യവകുപ്പ് എന്തുകൊണ്ട് ടി.പി.ആര്‍ 41 ശതമാനമായി ഉയര്‍ന്നിട്ടും അടച്ചിട്ട മുറികളിലെ ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്ന സി.പി.എമ്മിന്റെ ജില്ലാസമ്മേളനങ്ങള്‍ തുടരാന്‍ അനുവദിക്കുന്നു? ചോദ്യമുയരുന്നത് കേരളത്തിലെ സാധാരണക്കാരായ മുഴുവന്‍ മനുഷ്യരില്‍നിന്നുമാണ്. അവരനുഭവിക്കുന്ന ജീവസന്ധാരണത്തിലെ നിയന്ത്രണങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നുള്ള പിഴയും ഭീഷണികളും ഓര്‍ക്കുമ്പോള്‍ ഈ ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. ഈ ചോദ്യം ഇന്നലെ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടും കൃത്യമായൊരു മറുപടി പറയാന്‍ ആരോഗ്യവകുപ്പു മന്ത്രി വീണജോര്‍ജിന് കഴിയാതെപോയി. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണകക്ഷികളുടെ നയപരിപാടികളനുസരിച്ചാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരേ നിയമവും ചട്ടവും പൊതുജനങ്ങള്‍ക്ക് ഒന്നും ഭരണകക്ഷിക്കാര്‍ക്ക് മറ്റൊന്നുമാകുന്നത് വിചിത്രവും അനിതര സാധാരണവുമായിരിക്കുന്നു. മന്ത്രിക്ക് മാത്രമല്ല, ജില്ലാമജിസ്‌ട്രേറ്റുമാരായ ജില്ലാകലക്ടര്‍മാര്‍ക്കുപോലും നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാതായിരിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം കാസര്‍കോട് ജില്ലാകലക്ടറായ വനിത ഇറക്കിയ പ്രോട്ടോകോള്‍ ഉത്തരവ് രണ്ടു മണിക്കൂറിനകം അവരെ സമ്മര്‍ദത്തിലാക്കി പിന്‍വലിച്ചത് വ്യക്തമാക്കുന്നത്. കാസര്‍കോട് സമ്മേളനത്തില്‍ 50 പേരില്‍ കൂടാന്‍ പാടില്ലെന്ന് കോടതിക്ക് പറയേണ്ടിവന്നും ഈയൊരു സാഹചര്യത്തിലാണ്.

കോവിഡ് മൂന്നാം തരംഗം പടര്‍ന്നുകയറുന്ന നാളുകളിലാണ് സി.പി.എം ത്രൈ വാര്‍ഷിക സമ്മേളനങ്ങള്‍ നാടെങ്ങും പൊങ്കാലപോലെ നടന്നത്. കാസര്‍കോട്, തൃശൂര്‍ ജില്ലാസമ്മേളനങ്ങള്‍ തുടരുന്നു. മടിക്കൈയിലാണ് സി.പി. എം കാസര്‍കോട് ജില്ലാസമ്മേളനം. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം 185 ഉം. ഈ പഞ്ചായത്തിലെ മാത്രം വ്യാഴാഴ്ചത്തെ ടി.പി.ആര്‍ നിരക്ക് 67.5 ശതമാനമാണ്. തൃശൂര്‍ ജില്ലാസമ്മേളനവും 175 പേരുമായി ഇന്നലെ രാവിലെയാണ് നഗരമധ്യത്തില്‍ ആരംഭിച്ചത്. ഇവിടെ മാധ്യമങ്ങളോട് സംസാരിച്ച, തിരുവനന്തപുരത്ത് പാര്‍ട്ടിക്കാരനായ യുവാവിന്റെ മരണത്തിനും കോവിഡിനിടെയും മെഗാതിരുവാതിരിക്ക് താളംപിടിച്ച പൊളിറ്റ്ബ്യൂറോ അംഗം എം.എബേബി പറഞ്ഞത് മാസ്‌കും സാമൂഹികാകലവും പാലിച്ചാണ് സമ്മേളനം നടക്കുന്നതെന്നാണ്. സംസ്ഥാന സെക്രട്ടറിയുടെ വാദം ഇതിലും കടന്നതാണ്: നടന്‍ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചത് സി.പി.എം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ എന്നാണദ്ദേഹം ചോദിച്ചത്. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെല്ലാം കോവിഡ് വരികയോ വരാനുള്ള സാധ്യതയോ ഉണ്ടായിരിക്കവെയാണ് സ്വന്തം പാര്‍ട്ടിക്കാരെപോലും ദുരന്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള സി.പി.എം നേതാക്കളുടെ ഇത്തരം വിടുവായിത്തങ്ങള്‍.
എ, ബി കാറ്റഗറികളിലായി നിലവില്‍ ജില്ലകളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് ഏത് മാനദണ്ഡത്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം മുതലായ ജില്ലകളെയാണ് ഈ രണ്ട് വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ കാസര്‍കോടും തൃശൂരും ഇല്ലാതെ പോയത് സി.പി.എം ജില്ലാസമ്മേളനങ്ങള്‍ നടക്കുന്നതുകൊണ്ടാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മാനദണ്ഡമനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് ടി.പി.ആര്‍ അല്ല ബാധകമെന്ന് മന്ത്രി ന്യായീകരിച്ചത് സി.പി.എം സമ്മേളനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് വ്യംഗ്യമായി പറയലായിരുന്നു. ഐ.സി.യു രോഗികളാണ് പ്രോട്ടോകോളുകള്‍ക്ക്് മാനദണ്ഡമെന്ന് പറയുന്ന മന്ത്രിക്ക് അതിനായി കാട്ടാന്‍ ഏത് കേന്ദ്ര ഉത്തരവാണുള്ളത്. ജനങ്ങളുടെ ജീവനില്‍ യാതൊരു ഉത്കണ്ഠയും സര്‍ക്കാരിനും സി.പി.എമ്മിനും ഇല്ലെന്നും തങ്ങള്‍ക്ക് തോന്നുന്നതൊക്കെയും ചെയ്യുമെന്നും ആരും ചോദിക്കാന്‍ വരേണ്ടെന്നുമുള്ള ധാര്‍ഷ്ട്യമാണ് കണ്ണൂരില്‍ സി.പി.എം നടത്തിയ കെ റെയില്‍ വിശദീകരണയോഗവും കോണ്‍ഗ്രസിന്റെ കെ റെയില്‍ വിരുദ്ധ സമരത്തിന് നേര്‍ക്കുള്ള സി.പി.എം-ഡിഫി ആക്രമണവും. മുമ്പ് വാളയാറില്‍ മരണത്തിന്റെ വ്യാപാരികളെന്ന് യു.ഡി.എഫുകാരെ അപഹസിച്ചവരാണിവര്‍. ജനങ്ങളുടെ സാമാന്യബോധത്തെയും ബുദ്ധിയെയും പരിഹസിക്കുകയാണ് സര്‍ക്കാരും സി.പി.എമ്മും ചെയ്യുന്നത്. പാര്‍ട്ടിയാണ് ജനങ്ങളേക്കാള്‍ വലുതെന്നാണല്ലോ മാര്‍ക്‌സിസ്റ്റ് പ്രമാണം! പൊതുജനവികാരം മാനിച്ച് കോവിഡ് കാലത്തെ സമ്മേളനങ്ങള്‍ മാറ്റിവെച്ച് മാപ്പുപറയാന്‍ സി.പി.എം അഖിലേന്ത്യാ നേതാക്കളെങ്കിലും വിവേകം കാട്ടണം.

web desk 3: