X

സി.പി.എമ്മിന്റെ കുമ്പസാരം-എഡിറ്റോറിയല്‍

CPIM FLAG

അഴിമതിയുടെ ചെളി പുരണ്ട്, ചോര ഉറ്റിവീഴുന്ന കൈകളുമായി ജനകീയ കോടതിയിലെ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഗത്യന്തരമില്ലാതെ നടത്തിയ കുമ്പസാരമാണ് സി.പി.എം പുറത്തുവിട്ട തെറ്റുതിരുത്തല്‍ രേഖ. ഇക്കാലമത്രയും കേരള രാഷ്ട്രീയം സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി അക്ഷരംപ്രതി സമ്മതിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ ഉന്നത, മധ്യനിര നേതാക്കള്‍ പണം സമ്പാദിക്കാന്‍ വഴിവിട്ട് നീങ്ങുകയാണെന്നും സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടുകയാണെന്നും തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നു. സി.പി.എമ്മിനെതിരെ ജനം കേട്ടതെല്ലാം വള്ളി പുള്ളി വിടാതെ പാര്‍ട്ടി രേഖ ശരിവെക്കുന്നുണ്ട്. ഇതൊക്കെ തന്നെയല്ലേ എതിരാളികള്‍ നമുക്കെതിരെ ആരോപിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പാര്‍ട്ടി സഖാക്കള്‍ നേതൃത്വത്തോട് തിരിച്ചു ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഭരണത്തിന്റെ മറവില്‍ നടത്തുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും രത്‌നച്ചുരുക്കമാണ് തെറ്റുതിരുത്തല്‍ രേഖ. സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സ്വന്തക്കാരെയും ബന്ധക്കാരെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റുന്ന പിന്‍വാതില്‍ നിയമനങ്ങള്‍, ക്രിമിനല്‍-ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള പാര്‍ട്ടി കൂട്ടുകെട്ട് തുടങ്ങി എല്ലാ നാറ്റക്കേസുകളും പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നുണ്ട്. ഭരണത്തുടര്‍ച്ച കൂടി ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ആരെയും ഉപദേശിക്കാനോ തെറ്റുതിരുത്തി നേര്‍വഴിക്ക് കൊണ്ടുവരാനോ സാധിക്കുന്നില്ല. നേതാക്കളും അനുയായികളമടക്കം എല്ലാവരും കുളിമുറിയില്‍ നഗ്നരാണ്.

കേരളത്തില്‍ സി.പി.എമ്മിന്റെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ ആരോപണം നേരിടുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് തെളിയിക്കുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റ് പുറത്തുവന്നതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. ഉന്നത നേതാക്കളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങിക്കൊടുത്തതിന്റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ വരെ അഴിമതിയും സാമ്പത്തിക വെട്ടിപ്പും പടര്‍ന്നുപിടിച്ചതായി തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നുണ്ട്. അര്‍ഹതപ്പെട്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുക്കുകയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പാര്‍ട്ടിക്കാര്‍ക്ക് പണത്തോട് അത്യാര്‍ത്തിയാണ്. നേതാക്കളും പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റുകാരുമായി ഏറിയും കുറഞ്ഞും കൈകോര്‍ത്ത് മുന്നോട്ടുപോകുന്നു. സി.പി.എമ്മിനെതിരെ ഉയരുന്ന ഇങ്ങനെയുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്നാണ് തെറ്റുതിരുത്തല്‍ രേഖ ഏറ്റുപറയുന്നത്. ആദ്യമൊക്കെ നിഷേധക്കുറിപ്പുകള്‍ ഇറക്കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കുമ്പസാരത്തിന് തയാറായിരിക്കുന്നത്.
ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടിക്കുള്ള ബന്ധം വാസ്തവാണെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുകയാണ്. നേതാക്കള്‍ വാരിക്കൂട്ടുന്ന പണത്തിന് പുറമെ, ക്രിമിനലുകള്‍ക്ക് കഴിഞ്ഞുകൂടാനുള്ള സാമ്പത്തിക സ്രോതസ്സ് കൂടി പാര്‍ട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്. അതിനായി ഏത് വെറുക്കപ്പെട്ട പണച്ചാക്കിനെയും കൂട്ടുപിടിക്കാന്‍ സി.പി.എം തയാറാണ്. രാഷ്ട്രീയം പച്ചമരുന്നോ അങ്ങാടിമരുന്നോ എന്ന് അറിയാത്തവരെ പിടിച്ച് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിപ്പിച്ചത് പണം തട്ടാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ അടവായിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശികയെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ നല്‍കിയതും അവരുടെ ആഡംബര റിസോര്‍ട്ട് താമസവുമെല്ലാം നാട്ടില്‍ പാട്ടാവുകയും സി.പി.എം ജനമധ്യത്തില്‍ നാണം കെടുകയും ചെയ്തിട്ടും പാര്‍ട്ടി നേതൃത്വം അതിനെ ന്യായീകരിക്കുകയാണ്. സംസ്ഥാനത്തെ ഓരോ മൂലയിലും ബാറുകള്‍ തുറന്നുകൊടുത്ത് മദ്യം ഒഴുക്കിയ പാര്‍ട്ടി തന്നെയാണ് പ്രവര്‍ത്തകരില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളുടെ എണ്ണം കൂടിവരുന്നതായി പരിതപിക്കുന്നത്. ചിന്തയും പ്രവര്‍ത്തനവും മാറ്റാതെ കടലാസില്‍ മാത്രം തെറ്റുതിരുത്തിയതുകൊണ്ട് പാര്‍ട്ടി രക്ഷപ്പെടില്ല. ഇ.പി ജയരാജന്റെ റിസോര്‍ട്ട് വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സി.പി.എമ്മിന്റെ മുഖംകെടുത്തിയിട്ടുണ്ട്.

ജനകീയമെന്ന് അവകാശപ്പെടുന്ന സി.പി.എം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ജനങ്ങളെയാണ്. അവരെ അങ്ങനെ നേരിടണമെന്ന് അറിയാതെ പാര്‍ട്ടി ഉഴലുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വഴി ദുര്‍ഘടം പിടിച്ചതാണെന്ന് പാര്‍ട്ടിക്കറിയാം. ഇന്ന് തുടങ്ങുന്ന യാത്രയുടെ പരിണിത ഫലം ഒട്ടും ആശാവമായിരിക്കില്ലെന്ന് ഇവര്‍ ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഈ തരത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്. ആളുകളുടെ ഇടയിലേക്ക് ഇറങ്ങാന്‍ പേടിയുണ്ട്. അവരുടെ ചോദ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് സി.പി.എം നേരിടുന്ന വലിയ പ്രശ്‌നം. അടിമുടി വിവാദങ്ങളില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ പഴയ വരട്ടു വിപ്ലവ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടത്തിലേക്ക് കടന്നു ചെല്ലാനാവില്ല. സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടുന്ന മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഗതി വിഗതികള്‍ അപ്പപ്പോള്‍ അറിയുന്നവരുടെ മുന്നില്‍ തോന്നിയതെല്ലാം വിളമ്പുന്നത് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിക്ക് അറിയാം. സമൂഹ മാധ്യമങ്ങളില്‍ കയറി അഭിപ്രായങ്ങള്‍ പാസാക്കുന്നതില്‍നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞാണെങ്കിലും അവരെ അടക്കിയിരുത്താന്‍ പറ്റുമോ എന്നാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ പരീക്ഷിക്കുന്നത്.

webdesk11: