X

അതിസമ്പന്നന്‍ സിആര്‍ തന്നെ

ലണ്ടന്‍: ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അതിസമ്പന്ന കായിക മല്‍സരത്തില്‍ പുതിയ വിജയം പോര്‍ച്ചുഗലുകാരന്. ഫോര്‍ബ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അര്‍ജന്റീനക്കാരനെ പിന്തള്ളി വരുമാനത്തില്‍ ഒന്നാമനായ കായികതാരമായി മാറിയിരിക്കുന്നു സഊദി ക്ലബായ അല്‍ നസറിന്റെ വിഖ്യാത താരം. മൂന്നാമന്‍ കിലിയന്‍ എംബാപ്പേയും. കഴിഞ്ഞ 12 മാസത്തെ വരുമാനത്തിന്റെ കണക്കെടുപ്പിലാണ് റൊണോ വിജയം.

1,113.06 കോടിയാണ് നിലവില്‍ അദ്ദേഹത്തിന്റെ വരുമാനം. മെസി തൊട്ട് പിറകിലുണ്ട്. പി.എസ്.ജിക്കാരന്‍ അവസാന 12 മല്‍സരങ്ങളില്‍ സമ്പാദിച്ചത് 1,063.82 കോടി. കളിക്കളത്തില്‍ ഇരുവരും തമ്മിലുള്ള മല്‍സരം വിഖ്യാതമാണ്. അവിടെ മെസിയാണ് ഒന്നാമനായി നില്‍ക്കുന്നത്. ഖത്തറില്‍ പോയ വര്‍ഷം സമാപിച്ച ലോകകപ്പില്‍ അര്‍ജന്റീന ഒന്നാമത് വന്നതോട് കൂടി മെസി ലോക ഫുട്‌ബോളിലെ മുഴുവന്‍ കിരീടങ്ങളും സ്വന്തമാക്കുന്ന താരമായി മാറിയപ്പോള്‍ ആ വലിയ കിരീടത്തില്‍ റൊണാള്‍ഡോ പിറകിലായി. സ്വന്തം രാജ്യത്തിന് വന്‍കരാ കിരീടം റൊണാള്‍ഡോ സമ്മാനിച്ചിരുന്നു. ഈ നേട്ടം മെസിക്കുമുണ്ട്.

വരുമാനത്തില്‍ പോര്‍ച്ചുഗീസ് താരത്തിന് വലിയ നേട്ടം സമ്മാനിച്ചത് സഊദി ഓഫറാണ്. ലോക റെക്കോര്‍ഡ് പ്രതിഫലത്തിനാണ് അല്‍ നസര്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കവെയായിരുന്നു കോച്ചിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അദ്ദേഹം പുറത്താവുന്നതും ഖത്തര്‍ ലോകകപ്പിന് ശേഷം സഊദിയിലെത്തുന്നതും. തുടക്കത്തില്‍ റൊണാള്‍ഡോക്ക് സഊദി താല്‍പ്പര്യമുണ്ടായിരുന്നില്ല. യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ക്കായി കളിക്കാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ സി.ആറിന്റെ വന്‍ പ്രതിഫലം താങ്ങാന്‍ സാമ്പത്തികമായി കരുത്തരായിരുന്നില്ല പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി ഉള്‍പ്പെടെയുള്ളവര്‍. ഫോര്‍ബ്‌സിന്റെ സമ്പന്ന പട്ടികയില്‍ ബോക്‌സിംഗ് താരം സാനിലോ അല്‍വാരസ്, ബാസ്‌ക്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസ്, ഗോള്‍ഫ് താരങ്ങളായ ഡസ്റ്റിന്‍ ജോണ്‍സണ്‍, ഫില്‍ മിക്കല്‍സണ്‍ എന്നിവരുമുണ്ട്. വിരമിച്ച ടെന്നിസ് സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ക്കും ആദ്യ പത്തില്‍ സ്ഥാനമുണ്ട്.

webdesk11: