X

സെഞ്ചുറി കൂട്ടുകെട്ടുമായി രാഹുലും ധവാനും; ഇന്ത്യ തിരിച്ചടിക്കുന്നു

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ തകര്‍ന്നുപോയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മികച്ച ബാറ്റിങ്ങുമായാണ് തിരിച്ചുവരവ് നടത്തിയത്. കൊല്‍ക്കത്ത ടെസ്റ്റില്‍ 122 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലായി. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 49 റണ്‍സിന്റെ ലീഡായി.

ആദ്യ ഇന്നിങ്സില്‍ 122 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ കരുതലോടെയാണ് തുടങ്ങിയത്. 94 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. 116 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ധവാന്‍ 94 ല്‍ എത്തിയത്. നിലവില്‍ 73 റണ്‍സുമായി രാഹുലും രണ്ടു റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍.

നാലാം ദിനം നാലിന് 165 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ലങ്ക ആദ്യ ഇന്നിങ്സില്‍ 294 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ എയ്ഞ്ചലോ മാത്യൂസ്, തിരിമന്നെ, ഹെറാത്ത് എന്നിവരാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീതം വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ സുരങ്ക ലഖ്മലി
ന് മുന്നില്‍ വീണ ഇന്ത്യന്‍ ബാറ്റിങ് ആദ്യ ഇന്നിങ്സില്‍ 172 റണ്‍സാണ് നേടിയത്. 52 റണ്‍സെടുത്ത പൂജാരക്കൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.

ഏറിയ പങ്കും മഴയപഹരിച്ച കൊല്‍ക്കത്ത ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നിരുന്നു. മഴമൂലം വൈകി തുടങ്ങുകയും നേരത്തേ അവസാനിപ്പിക്കുകയും ചെയ്ത മല്‍സരത്തിന്റെ ഒന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 11.5 ഓവര്‍ മാത്രമാണ് കളി നടന്നത്. ആറ് ഓവര്‍ ബോള്‍ ചെയ്ത് ആറും മെയ്ഡനാക്കി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ മാസ്മരിക പ്രകടനമാണ് ആദ്യ ദിനം ലങ്കയ്ക്ക് മുന്‍തൂക്കം സമ്മാനിച്ചത്.

chandrika: