X

കൊലപാതകശ്രമം: ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എട്ടുവര്‍ഷം കഠിന തടവ്

വധശ്രമകേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ആറുപേര്‍ക്ക് എട്ട് വര്‍ഷവും എട്ടുമാസവും കഠിന തടവും 5,000 രൂപ വീതം പിഴയും.
തിച്ചൂര്‍ സ്വദേശികളായ കോരുവാരുമുക്കില്‍ പ്രവീണ്‍ (പ്രബിന്‍ ഗോപി (35), കോരുവാരുമുക്കില്‍ രാഹുല്‍ (30), പൊന്നുംകുന്ന് കോളനി ശാന്തന്‍ (45), കോഴികുന്ന് കോളനി സിനില്‍ദാസ് (സുനി -32), അമ്ബലത്തടവിള വീട്ടില്‍ ചാര്‍ളി (53) എന്നിവരെയാണ് തൃശൂര്‍ രണ്ടാം അഡീഷനല്‍ അസി. സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. 2012 മാര്‍ച്ച് നാലിന് വൈകീട്ട് 6.30ന് തിച്ചൂര്‍ എട്ടാംമാറ്റ് സെന്ററിലാണ് സംഭവം. തിച്ചൂര്‍ ഐരാണി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ശിങ്കാരി മേളത്തിലേക്ക് ഒന്നാം പ്രതി പ്രവീണ്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് കയറ്റി. സി.പി.എം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഈ വിരോധത്തെ തുടര്‍ന്ന് പിരിഞ്ഞുപോവുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ പിന്തുടര്‍ന്ന് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

സി.പി.എം പ്രവര്‍ത്തകരായ തിച്ചൂര്‍ പാതിരാപ്പിള്ളി വീട്ടില്‍ രാധാകൃഷ്ണന്‍, മണികുന്നില്‍ സജീഷ്, വാഴക്കപ്പറമ്ബ് സുന്ദരന്‍ എന്നിവരെ പ്രതികള്‍ ഇരുമ്ബ് പൈപ്പ്, വാള്‍, കയ്മഴു എന്നിവ ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ രാധാകൃഷ്ണനും സുന്ദരനും സി.ഐ.ടി.യു യൂനിയന്‍ തൊഴിലാളികളും സജീഷ് സി.പി.എം പ്രവര്‍ത്തകനും ഇപ്പോള്‍ വരവൂര്‍ പഞ്ചായത്ത് അംഗവുമാണ്. എരുമപ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുന്നംകുളം സി.ഐ ആയിരുന്ന ബാബു കെ. തോമസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നാലാം പ്രതി ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. വിവേകാനന്ദന്‍, അഭിഭാഷകരായ രചന ഡെന്നി, കെ.കെ. ശിശിര, പഞ്ചമി പ്രതാപന്‍ എന്നിവര്‍ ഹാജരായി.

 

webdesk14: