X

പോറ്റാന്‍ കാശില്ല; ക്രിസ്റ്റ്യാനോയെ വില്‍ക്കാന്‍ ഒരുങ്ങി യുവന്റസ്

ലിസ്ബണ്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെ വില്‍ക്കാന്‍ ഒരുങ്ങി യുവന്റസ്. കരാര്‍ കാലാവധി അവസാനിക്കും മുമ്പ് താരത്തെ വില്‍ക്കാനാണ് തീരുമാനമെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂണ്‍ വരെയാണ് ക്രിസ്റ്റിയാനോയുമായി ക്ലബിന് കരാറുള്ളത്.

വേനല്‍ക്കാല സീസണില്‍ തന്നെ താരത്തെ ലേലത്തില്‍ വയ്ക്കുമെന്നാണ് ദ സണ്‍ പറയുന്നത്. ആഴ്ചയില്‍ 540,000 പൗണ്ടാണ് ക്ലബ് താരത്തിനായി മുടക്കുന്നത്. ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന തൊട്ടു താഴെയുള്ള മാറ്റിസ് ഡി ലിറ്റിനേക്കാള്‍ നാലു മടങ്ങ് തുകയാണ് ക്ലബ് ക്രിസ്റ്റ്യാനോയ്ക്കായി മുടക്കുന്നത്.

2018ല്‍ നൂറ് ദശലക്ഷം പൗണ്ടിനാണ് ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയിരുന്നത്. രണ്ടര വര്‍ഷത്തിനിടെ 94 കളികളില്‍ നിന്ന് 71 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. രണ്ടു തവണ സീരി എ കിരീടവും സ്വന്തമാക്കി.

ഒരു സീസണില്‍ 28 ദശലക്ഷം പൗണ്ടാണ് നിലവില്‍ റോണോയുടെ സമ്പാദ്യം. സഹതാരം പൗളോ ഡിബാലയുടെ ശമ്പളത്തേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണിത്.

കളിയില്‍ മാത്രമല്ല, കാശിന്റെ കാര്യത്തിലും അതിസമ്പന്നനാണ് ക്രിസ്റ്റ്യാനോ. അതു കൊണ്ടു തന്നെ ഇത്രയും വലിയൊരു താരത്തെ നോക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോള്‍ യുവന്റസിനില്ല. പ്രത്യേകിച്ചും കോവിഡ് മഹാമാരിക്കു ശേഷം. ക്രിസ്റ്റിയാനോയെ വിറ്റ് കാശാക്കാന്‍ ക്ലബ് ഉദ്ദേശിക്കുന്നതും അതു കൊണ്ടു തന്നെ.

Test User: