X

career chandrika: ഉപരി പഠനത്തിന് വിപുല സാധ്യതകളൊരുക്കി സി.യു.ഇ.ടി

പ്ലസ്ടു/തതുല്യ യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള കേന്ദ്ര സര്‍വകലാശാലകളിലെയും വിവിധ സംസ്ഥാന/സ്വകാര്യ/കല്‍പിത സര്‍വകലാശാലകളിലെയും ബിരുദ തലത്തിലുള്ള വ്യത്യസ്തങ്ങളായ കോഴ്‌സുകളിലെ പ്രവേശനത്തിന് അവസരമൊരുക്കുന്ന എന്‍ട്രന്‍സ് പരീക്ഷയായ സി.യു.ഇ.ടിയുജിക്ക് (കോമണ്‍ യൂണിവേഴ്സ്റ്റിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) മാര്‍ച്ച് 12 വരെ അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ മേയ് 21 മുതല്‍ 31 വരെയാണ് നടക്കുക. ഇത്തവണ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

കേരളത്തിലേതുള്‍പ്പെടെ 44 കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പുറമെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഡോ. ബി.ആര്‍ അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് യൂണിവേഴ്‌സിറ്റി (ബെംഗളൂരു), ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി (ഡല്‍ഹി), സര്‍ദാര്‍ പട്ടേല്‍ യൂണിവേഴിറ്റി ഓഫ് പോലീസ് (രാജസ്ഥാന്‍), ഫൂട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ വിവിധ ക്യാമ്പസുകള്‍, ജാമിഅ ഹംദര്‍ദ്, അവിനാഷിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍ വിമണ്‍ (കോയമ്പത്തൂര്‍) തുടങ്ങിയ സ്ഥാപനങ്ങളിലെയും പ്രവേശനത്തിനും സിയുഇടി മാനദണ്ഡമായിരിക്കും.

മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടര്‍ അധിഷ്ടിത പ്രവേശന പരീക്ഷക്ക് മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാവും. 1A, 1B, c d എന്നിങ്ങനെ 4 സെക്ഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. സെക്ഷന്‍ 1A യിലുള്ള മലയാളമടക്കമുള്ള 13 ഭാഷകളില്‍ നിന്ന് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. സെക്ഷന്‍ 1B യില്‍ 20 മറ്റു ഭാഷകളാണുണ്ടാവുക. തിരഞ്ഞെടുത്ത ഒരോ ഭാഷാ പരീക്ഷയിലും 50 ചോദ്യങ്ങളില്‍ നിന്ന് 40 ചോദ്യങ്ങള്‍ക്കുത്തരമെഴുതണം. സെക്ഷന്‍ 2 ല്‍ 27 വ്യത്യസ്ത വിഷയങ്ങളുണ്ടാവുക. 45/50 ചോദ്യങ്ങളില്‍ നിന്ന് 35/40 ചോദ്യങ്ങള്‍ക്ക് ഉത്തരമഴുതണം. സെക്ഷന്‍ 3ല്‍ പൊതുവായ പരീക്ഷയാണുള്ളത്. പൊതുവിജ്ഞാനം, ആനുകാലികം, സംഖ്യാഭിരുചി, മെന്റല്‍ എബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട 60 ചോദ്യങ്ങളില്‍ നിന്ന് 50 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.

എല്ലാ സെക്ഷനില്‍ നിന്നുമായി പരമാവധി 10 വിഷയങ്ങളാണ് തിരഞ്ഞെടുക്കാനാവുക. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തില്‍ ഇഷ്ടപ്പെട്ട കോഴ്‌സിന് ബാധകമായ വിഷയങ്ങള്‍ https://cuet.samarth.ac.in/ എന്ന വെബ്‌സെറ്റില്‍ കൊടുത്തത് മനസ്സിലാക്കി ശ്രദ്ധയോടെ വേണം വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍. പരീക്ഷയുടെ ദൈര്‍ഘ്യം സംബന്ധിച്ച വിശദാംശങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും. മേയ് രണ്ടാം വാരം മുതല്‍ എന്‍.ടിഎ വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാവും.

ഇന്ത്യക്ക് പുറമെ ഗള്‍ഫിലുള്‍പ്പെടെ വിദേശത്ത് 24 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രണ്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. കേരളത്തിലും ലക്ഷദീപിലും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പക്ഷം മലയാളത്തിലുള്ള ചോദ്യപ്പേപ്പറും ലഭിക്കും. 3 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാന്‍ 750 രൂപയും 7 വിഷയങ്ങള്‍ വരെ 1500 രൂപയും 10 വിഷയങ്ങള്‍ വരെയെങ്കില്‍ 1750 രൂപയും പരീക്ഷാ ഫീസുണ്ടാവും. വിദേശത്ത് കേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇത് യഥാക്രമം 3750, 7500, 11000 രൂപയാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്.

ത്രിവത്സര ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് അതത് സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന പ്രവേശന യോഗ്യത ബാധകമായിരിക്കും. പ്രവേശനം അതാത് സ്ഥാപനങ്ങളിലെ സംവരണ രീതിയനുസരിച്ചായിരിക്കും. സാമ്പത്തികമായി പിന്നക്കാവസ്ഥയിലുള്ളവര്‍ (ഇ.ഡബ്‌ള്യു.എസ്), നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍, പട്ടിക വിഭാഗക്കാര്‍ തുടങ്ങിയവര്‍ ബാധകമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇ.ഡബ്‌ള്യു.എസ്, ഒബിസിഎന്‍സിഎല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം നേടിയതായിരിക്കണം. ഈ തിയതിക്ക് ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭ്യമായില്ലെങ്കില്‍ സത്യവാങ്മൂലം നല്‍കി പിന്നീട് സമര്‍പ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

ഓരോ സ്ഥാപനവും നടത്തുന്ന കോഴ്‌സുകളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ അതത് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. തിരഞ്ഞെടുക്കുന്നതിന് മുമ്പായി കോഴ്‌സുകളുടെ പ്രവേശനത്തിനായി അതത് സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന യോഗ്യത പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ മറക്കരുത്. അപേക്ഷ സമര്‍പ്പിക്കാനും പരീക്ഷാ കേന്ദ്രങ്ങള്‍, ഫീസ് തുടങ്ങിയ വിശദ വിവരങ്ങള്‍ അറിയുവാനും https://cuet.samarth.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. സിയുഇടി ഫലം പ്രസിദ്ധീകരിച്ച ശേഷം പ്രവേശനത്തിനായി അതത് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.

webdesk11: