X

ഓഖി ചുഴലിക്കാറ്റ്; 661 മീന്‍പിടിത്തക്കാര്‍ ഇനിയും കാണാമറയത്ത്

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 661 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ദക്ഷിണേന്ത്യയില്‍ വ്യാപക നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും 845 പേരെ രക്ഷപ്പെടുത്തിയതായും അവര്‍ ലോക്‌സഭയെ അറിയിച്ചു.

നേവി. വ്യോമ സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത രക്ഷാ പ്രവര്‍ത്തനത്തില്‍ ഈ മാസം 20 വരെ 821 പേരെ രക്ഷപ്പെടുത്തിയതായും മറ്റ് 24 പേരെ മര്‍ച്ചന്റ് നേവി കപ്പലുകളും രക്ഷപ്പെടുത്തിയതായും അവര്‍ രേഖാ മൂലം പാര്‍ലമെന്റിനെ അറിയിച്ചു. രക്ഷപ്പെടുത്തിയ 845 പേരില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും 362 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 30 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരുമാണെന്ന് മന്ത്രി വ്യക്തമാക്കി. അതേ സമയം ഇനിയും 661 പേരെ കണ്ടെത്താനുണ്ടെന്നും ഇതില്‍ 400 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 261 പേര്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമാണെന്ന് മന്ത്രി പറഞ്ഞു. ഓഖി മൂലം കൂടുതല്‍ ദുരിതം ബാധിച്ചത് തമിഴ്‌നാട്ടിലും കേരളത്തിലുമാണെന്നും അവര്‍ ലോക്‌സഭയെ അറിയിച്ചു. അതേസമയം, കേരളത്തില്‍ കണ്ടെത്താനുള്ളത് 143 പേരെയെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എണ്ണത്തിന്റെ കാര്യത്തില്‍ കേന്ദ്രം തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് 133 കോടിയുടെ അടിയന്തര സഹായം

ഓഖി ദുരന്തത്തിന്റെ കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടിരൂപയുടെ അടിയന്തര സഹായം ലഭ്യമായി. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ച കാര്യം അറിയിച്ചത്. കേരളത്തിനോടൊപ്പം തമിഴ്നാടിനും 133 കോടി അനുവദിച്ചിട്ടുണ്ട്. ലക്ഷദ്വീപിന് 15 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനായി കേരളം 422 കോടിയുടെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ തുക അനുവദിക്കുക. ഇപ്പോള്‍ ലഭിക്കുന്ന 133 കോടി രൂപ കഴിച്ചുള്ള പണം മാത്രമേ പിന്നീട് ലഭിക്കൂ.

കേന്ദ്രസംഘം ഇന്നലെ രാവിലെ മുതല്‍ വലിയതുറ, വെട്ടുകാട്, ബീമാപ്പള്ളി എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് പരാതികള്‍ കേട്ടു. കഴിഞ്ഞ ദിവസവും തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തീരത്തിന്റെ വേദന മനസിലാക്കുന്നതായി ബിപിന്‍ മല്ലിക്ക് പറഞ്ഞു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും. ഓഖിദുരന്തത്തെ പ്രത്യേക സാഹചര്യമായി കാണണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും. ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ദുരന്ത തീവ്രത വിലയിരുത്തുന്നത്.

സംഘത്തില്‍ കൃഷി മന്ത്രാലയം ഡയരക്ടര്‍ ആര്‍.പി സിംഗ്, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ, ആഭ്യന്തരമന്ത്രാലയം ടെക്നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ്, വൈദ്യുതി മന്ത്രാലയം ഡയരക്ടര്‍ ദക്കാത്തെ, ഷിപ്പിംഗ് മന്ത്രാലയം ഡയരക്ടര്‍ ചന്ദ്രമണി റാവത്ത്, കേന്ദ്ര ജല കമ്മീഷന്‍ ഡയരക്ടര്‍ ആര്‍. തങ്കമണി, ജലവിഭവ മന്ത്രാലയം അസിസ്റ്റന്റ് ഡയരക്ടര്‍ സുമിത് പ്രയദര്‍ശ് എന്നിവരുമുണ്ട്. സന്ദര്‍ശം പൂര്‍ത്തിയാക്കി സംഘം നാളെ ഡല്‍ഹിക്ക് പോകും.

chandrika: