X

സീറ്റ് നിഷേധിച്ചു; ദളിത് എം.പി ബി.ജെ.പി വിടുന്നു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിറ്റിങ് എം.പിയും അഖിലേന്ത്യാ എസ്.സി / എസ്.ടി കോൺഫെഡറേഷൻ ചെയർമാനുമായ ഡോ. ഉദിത് രാജ് ബി.ജെ.പി വിടുന്നു. താൻ 2014-ൽ ജയിച്ച നോർത്ത് ഡൽഹി മണ്ഡലത്തിൽ ഗായകൻ ഹൻസ് രാജ് ഹൻസിനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതോടെയാണ് ഡോ. രാജ് തീരുമാനമെടുത്തത്. ബി.ജെ.പി തനിക്ക് അർഹിച്ച പരിഗണന നൽകില്ലെന്ന് മാസങ്ങൾക്കു മുമ്പ് അരവിന്ദ് കേജ്രിവാളും രാഹുൽ ഗാന്ധിയും മുന്നറിയിപ്പ് നൽകിയിരുന്നതായി ഡോ. രാജ് പ്രതികരിച്ചു.

ഇന്ത്യൻ ജസ്റ്റിസ് പാർട്ടി തലവനായിരുന്ന ഉദിത് രാജ് 2014 തെരഞ്ഞെടുപ്പിനു മുമ്പ് തന്റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുകയായിരുന്നു. ഡൽഹി ബി.ജെ.പി തൂത്തുവാരിയപ്പോൾ ഉദിത് രാജും വൻജയം നേടി. ഇത്തവണയും ടിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അവഗണിക്കപ്പെട്ടു എന്നുറപ്പായതോടെ പാർട്ടി വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ ടിക്കറ്റിനായി കാത്തിരിക്കുകയാണ്. കിട്ടിയില്ലെങ്കിൽ പാർട്ടിയോട് ഗുഡ്‌ബൈ പറയും’ – ഡോ. രാജ് ട്വിറ്ററിൽ കുറിച്ചു.

നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടും ടിക്കറ്റ് ലഭിച്ചില്ലെന്നും മുതിർന്ന ബി.ജെ.പി നേതാക്കളായ നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിങും തന്നോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാതിക്ക് പരിഹാരമായില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം ആലോചിക്കും. ബി.ജെ.പി ദളിതരെ വഞ്ചിക്കുകയാണ്. പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച തന്നോടുള്ള പാർട്ടിയുടെ ഈ നടപടി ദളിതരോടുള്ള വഞ്ചനയാണെന്നും ഡോ. രാജ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: