X
    Categories: indiaNews

‘നിങ്ങള്‍ തറയില്‍ ഇരുന്നാല്‍ മതി’; ദളിത് വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെ യോഗത്തില്‍ തറയില്‍ ഇരുത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ തെര്‍കുത്തിട്ടായ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേശ്വരി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ തറയില്‍ ഇരുത്തി. 2020 ജൂലൈയില്‍ നടന്ന ഒരു മീറ്റിംഗിനിടെ രാജേശ്വരി തറയില്‍ ഇരിക്കുന്ന ചിത്രവും പഞ്ചായത്ത് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ കസേരയില്‍ ഇരിക്കുന്നതിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിയിരുന്നു.

സംഭവത്തില്‍ രാജേശ്വരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടലൂര്‍ പൊലീസ് എസ്‌സി / എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജനും പഞ്ചായത്ത് സെക്രട്ടറിക്കും എതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഈ വര്‍ഷം ജനുവരിയില്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ താന്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് രാജേശ്വരി പറഞ്ഞു. ദളിതരാണെന്ന് ആരോപിച്ച് എല്ലാ മീറ്റിംഗുകളിലും തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ചെയ്യേണ്ട ചുമതലകള്‍ നിറവേറ്റുന്നതില്‍ നിന്ന് തന്നെ തടഞ്ഞതായും രാജേശ്വരി പറഞ്ഞു. ഒരു മീറ്റിംഗിലും സംസാരിക്കരുതെന്ന് മോഹന്‍രാജനും മറ്റുള്ളവരും എന്നോട് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തനിക്ക് അനുവാദമില്ലെന്നും രാജേശ്വരി ആരോപിച്ചു.രണ്ട് മാസം മുമ്പ് സമാനമായ ജാതി വിവേചന കേസ് ചെന്നൈയ്ക്കടുത്തുള്ള തിരുവല്ലൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവന്നിരുന്നു.

web desk 3: