X

നിപാ വൈറസ്; അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് പി.കെ ഫിറോസ്

പേരാമ്പ്ര: വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കാന്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.ചങ്ങരോത്ത് പനി ബാധിച്ച് മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗ പരിചരണത്തിനിടെ പനി ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രി ജീവനക്കാരി ലിനിയുടെ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വലിയ തോതില്‍ ഭീതി പടരുന്ന സാഹചര്യമാണുള്ളത്.
ആശങ്ക അകറ്റാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടായിട്ടില്ല. സ്വകാര്യ ആസ്പത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന കുടുംബനാഥന്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സാ ഫീസ് സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലും ആവശ്യമായ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നിസ്സംഗത കാണിച്ചതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ ഇടയാക്കിയതെന്ന് ഫിറോസ് പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, ജന.സെക്രട്ടറി കെ.കെ നവാസ്,ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൂസ കോത്തമ്പ്ര, വൈസ് പ്രസിഡണ്ട് മുഹമ്മദലി കന്നാട്ടി എന്നിവര്‍ ഫിറോസിനോടൊപ്പമുണ്ടായിരുന്നു.

chandrika: