X
    Categories: Newsworld

മരണം 9000 കവിഞ്ഞു; ഓരോ 10 മിനുട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു

ഗസ്സ: ഇസ്രാഈലിന്റെ കിരാതവാഴ്ചയില്‍ ഗസ്സക്ക് സംഭവിക്കുന്നതിന്റെ ചെറിയൊരു ചിത്രമാണിത്. ഓരോ മണിക്കൂറിലും 15 പേര്‍ വീതം കൊല്ലപ്പെടുന്നു. ഇതില്‍ ആറുപേരും കുട്ടികള്‍. അതായത് ഓരോ പത്തു മിനുട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഓരോ മണിക്കൂറിലും 42 ബോംബുകള്‍ വര്‍ഷിക്കുന്നു. 12 കെട്ടിടങ്ങള്‍ തകരുന്നു. 35 പേര്‍ക്ക് വീതം പരിക്കേല്‍ക്കുന്നു.

ഗസ്സയില്‍ സുരക്ഷിതമായ ഒരിഞ്ചു ഭൂമി പോലുമില്ലെന്നാണ് സത്യം. ഒരു വയസ്സിനു താഴെയുള്ള 133 കുട്ടികള്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള 482 കുട്ടികള്‍. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്നത് പതിനേഴു ലക്ഷം മനുഷ്യരാണ്. ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും വരെ ഇസ്രാഈലിന്റെ പോര്‍ വിമാനങ്ങള്‍ ഉന്നം വെക്കുമ്പോള്‍ നിസ്സഹായരായ മനുഷ്യരുടെ നിലവിളി കേള്‍ക്കാന്‍ ലോക രാജ്യങ്ങള്‍ക്കോ യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ക്കോ കഴിയാതെ പോകുന്നതിന്റെ നിസ്സഹായത എത്രമാത്രം വലുതാണ്.

അതേസമയം കൂട്ടക്കൊലകള്‍ക്കു മേല്‍ കൂട്ടക്കൊലകള്‍ ആവര്‍ത്തിച്ച് ഗസ്സയില്‍ ഇസ്രാഈലിന്റെ തുല്യതയില്ലാത്ത ക്രൂരത തുടരുന്നു. ഡസന്‍ കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ബോംബാക്രമണം നടന്ന വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്നലേയും ഇസ്രാഈലിന്റെ ബോംബു വര്‍ഷം. കഴിഞ്ഞ ദിവസത്തെ ബോംബിങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജീവന്റെ തുടിപ്പുകള്‍ തിരയുന്ന നിസ്സഹായരായ മനുഷ്യരെയാണ് ജൂത സൈന്യം ഉന്നംവെച്ച് കൂട്ടക്കൊല ചെയ്തത്. ഇതിനിടെ ജബലിയ ക്യാമ്പിലെ വ്യോമാക്രമണത്തില്‍ ഏഴ് ഇസ്രാഈലി ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഗസ്സയില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന അതേ വിധി തന്നെയായിരിക്കും ഇസ്രാഈലി ബന്ദികളും അനുഭവിക്കുകയെന്നും യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്നും ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ വ്യക്തമാക്കി.

യു.എന്‍ അടക്കം അന്താരാഷ്ട്ര സമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ആവശ്യങ്ങളെ തള്ളിയാണ് കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടെയും ഒരേ സമയം ആക്രമണം അഴിച്ചുവിടുന്നത്. ഗസ്സയിലെ സ്ഥിതി വിവരണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ ഇന്നലെയും ആവര്‍ത്തിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും മാനുഷിക സഹായമെത്തിക്കണമെ ന്നും അല്ലാത്ത പക്ഷം പ്രവചനാധീതമായ ദുരന്തമാണ് കാത്തിരിക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. ഇന്ധനശേഖരം തീര്‍ന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ ആശുപത്രികള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ആശുപത്രിയില്‍ പോലും ഇസ്രാഈല്‍ ആക്രമണത്തില്‍ മുറിവേറ്റ നൂറു കണക്കിന് പേരെ ചികിത്സിക്കേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതര്‍. ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക ആശുപത്രി യും ജനറേറ്റര്‍ നിലച്ചതോടെ ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തി.

ഇതിനിടെ റഫ അതിര്‍ത്തി ഈജിപ്ത് തുറന്നത് നേരിയ ആശ്വാസമായി. അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ക്കാണ് പരിമിതമായ അളവില്‍ അതിര്‍ത്തി കടക്കാന്‍ ഈജിപ്ത് അനുമതി നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ തന്നെ സജ്ജമാക്കിയ താല്‍ക്കാലിക ആശുപത്രിയിലേക്കാണ് ഇവരെ മാറ്റുന്നത്. രോഗികളേയും കൊണ്ടുപോകാന്‍ ആംബുലന്‍സുകളുടെ നീണ്ട നിരയാണ് ഈജിപ്തിന്റെ റഫ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ സൈനിക നടപടി ആരംഭിച്ച ശേഷം സന്നദ്ധ സഹായം എത്തിക്കാനല്ലാതെ റഫ അതിര്‍ത്തി തുറക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തി തുറന്നതോടെ ഇരട്ട പൗരത്വമുള്ളവരും ഗസ്സയില്‍ നിന്ന് ഈജിപ്ത് വഴി പൗരത്വമുള്ള രാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ട്.

webdesk11: