X

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; സ്‌കൂളുകള്‍ അടച്ചിടണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. സ്‌കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ തോത് വര്‍ദ്ധിച്ചതിനാലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മലിനീകരണം രൂക്ഷമായതോടെ കടുത്ത പുകമഞ്ഞുമൂലം ഡല്‍ഹിയില്‍ 200മീറ്ററിനുള്ളില്‍ പോലും കാഴ്ച തടസ്സപ്പെട്ടിരുന്നു. ഡല്‍ഹിക്കു പുറമെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ 25മീറ്ററിനുള്ളില്‍ കാഴ്ചമങ്ങിയ വിധത്തില്‍ മലിനീകരണം അനുഭവപ്പെട്ടു. സ്‌കൂളിനു പുറത്ത് നടത്തേണ്ട സ്‌പോര്‍ട്‌സ് പോലുള്ള കാര്യങ്ങള്‍ നടത്തരുതെന്ന ഐഎംഎയുടെ നിര്‍ദ്ദേശങ്ങള്‍ക്കു പിന്നാലെയാണ് മുഖ്യമന്ത്രി സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂളുകള്‍ക്ക് പുറമെ ജനങ്ങള്‍ക്കും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

chandrika: