X
    Categories: Views

സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ച് വിടണം : യൂത്ത്‌ലീഗ്

 

കോട്ടയം ജില്ലയിലെ വൈക്കത്ത് വീട്ട്തടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിത കമ്മീഷനെ പിരിച്ച് വിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് അഖില @ ഹാദിയ വിധേയമാകുന്നു എന്ന വാര്‍ത്തയും അച്ഛന്‍ അശോകന്‍ നിരന്തരം ഉപദ്രവിക്കുന്നതായുള്ള വീഡിയോയും പുറത്ത് വന്നിട്ടും ഇടപെടാന്‍ വിസമ്മതിക്കുകയാണ് വനിത കമ്മീഷന്‍ ചെയ്തിട്ടുള്ളത്. ദേശീയ വനിത കമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമ തടസ്സം ഉണ്ടെന്ന സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയുടെ വാദങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കയാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും വഴിയൊരുക്കിയത് സംസ്ഥാന വനിത കമ്മീഷനാണ്. വര്‍ഗീയ സംഘടനകള്‍ ഹാദിയയെ സാമൂദായിക പ്രശ്‌നമാക്കി അവതരിപ്പിച്ചപ്പോള്‍ വനിത കമ്മീഷന്‍ പാലിച്ച മൗനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയോടെയാണോ എന്ന് വ്യക്തമാക്കണം. ഹാദിയയുടെ വിഷയത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കയാണ്. സ്ത്രീകളുടെ താത്പര്യമാണോ ആര്‍.എസ്.എസ്സിന്റെ താത്പര്യമാണോ വനിത കമ്മീഷനെ നയിക്കുന്നതെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.
ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷതയുടെ കേരള സന്ദര്‍ശനം ദുരൂഹമാണ്. ഘര്‍വാപസി കേന്ദ്രമായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന യോഗ സെന്ററിലെ നടത്തിപ്പുകാരെ സന്ദര്‍ശിച്ചത് സ്ത്രീ സംരക്ഷണം കൊടുക്കുന്നതിനേക്കാള്‍ പ്രധാനം സ്ത്രീ പിഢകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലാണെന്ന് വ്യക്തമായിരിക്കയാണ്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന ദേശീയ വനിത കമ്മീഷന്റെ പ്രസ്താവന ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങളെ മുന്‍നിറുത്തിയുള്ളതാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തെ സംബന്ധിച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവന സംബന്ധിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ്ണ രൂപം വീഡിയോ കാണാം.

chandrika: