X

ഡല്‍ഹിയും മുംബൈയും നേര്‍ക്കുനേര്‍; വനിതാ ഐ.പി.എല്‍ ഫൈനല്‍ ഇന്ന്

മുംബൈ: ബ്രാബോണ്‍ സ്‌റ്റേഡിയം ഇന്ന് നിറയുമോ…? നിറഞ്ഞില്ലെങ്കിലും മുംബൈക്കാര്‍ കൂട്ടമായി എത്തും. കാരണം പ്രഥമ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കിരീടം നേടാന്‍ ഇന്ന് കളത്തിലിറങ്ങുന്നത് അവരുടെ സ്വന്തം ടീമായ മുംബൈ ഇന്ത്യന്‍സാണ്. മറുഭാഗത്ത് രാജ്യ തലസ്ഥാനത്ത് നിന്നുള്ളവര്‍-ഡല്‍ഹി ക്യാപിറ്റല്‍സ്.

അഞ്ച് ടീമുകള്‍ കഴിഞ്ഞ ഒരു മാസമായി കിരീടത്തിനായി മല്‍സരിച്ചപ്പോള്‍ മുംബൈയും ഡല്‍ഹിയും തന്നെയായിരുന്നു വമ്പന്മാര്‍. ആദ്യ ഘട്ടത്തില്‍ ഹര്‍മന്‍പ്രീതിന്റെ മുംബൈക്കായിരുന്നു മുന്‍ത്തൂക്കം. എന്നാല്‍ പ്രാഥമിക റൗണ്ടിന്റെ അവസാന ഘട്ടത്തില്‍ അവര്‍ രണ്ട് കളികളില്‍ തോറ്റപ്പോള്‍ ഡല്‍ഹിക്കാര്‍ അവസരം ഉപയോഗപ്പെടുത്തി. അവര്‍ നേരിട്ട് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി. റണ്‍റേറ്റ് മികവിലായിരുന്നു ഇതെങ്കില്‍ മുംബൈക്കാര്‍ എലിമിനേറ്ററില്‍ കരുത്തരായി കളിച്ച് അവസാന മല്‍സരത്തിന് യോഗ്യത നേടുകയും ചെയ്തു.

ഇന്നിപ്പോള്‍ രണ്ട് പേരും നേര്‍ക്കുനേര്‍. ചാമ്പ്യന്‍ഷിപ്പിലെ രണ്ട് മികച്ച ബാറ്റിംഗ് ലൈനപ്പ് ഉള്ള സംഘങ്ങളാണ് നേര്‍ക്കുനേര്‍. അപാര മികവ് തുടരുന്ന ഓസ്‌ട്രേലിയക്കാരി മെഗ് ലാനിംഗാണ് ഡല്‍ഹിയെ നയിക്കുന്നത്. നാറ്റ് സ്‌കൈവര്‍ ബേര്‍ന്‍ഡ്, ഹെയിലി മാത്യുസ്, യാഷ്ടിക ഭാട്ടിയ, ഹര്‍മന്‍ പ്രീത് തുടങ്ങിയവരാണ് മുംബൈയുടെ ബാറ്റിംഗ് കരുത്ത്. ലാനിംഗിനെ കൂടാതെ ഷഫാലി വര്‍മ, അലിസ് കാപ്‌സേ, ജെമീമ റോഡ്രിഗഗസ്, മാര്‍ട്ടിസാനേ കാപ് തുടങ്ങിയവരാണ് ഡല്‍ഹിയുടെ ബാറ്റിംഗ് വിലാസക്കാര്‍. മല്‍സരം രാത്രി 7-30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍.

webdesk11: