X

കേജ്രിവാള്‍ എത്തും; കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷനിരയുടെ ഐക്യവേദിയാവും

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി കേജ്രിവാളിനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും കേജ്രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ചടങ്ങിനെത്തും. ബുധനാഴ്ച ഉച്ചക്ക് 12.30ന് ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നേരത്തെ തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികമായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ആര്‍.ജെ.ഡി നേതാവ് തേജശ്വി യാദവ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നീ പ്രമുഖരെ ക്ഷണിച്ചിരുന്നു.ക്ഷണം സ്വീകരിച്ച് ഇവരെല്ലാം പങ്കെടുക്കമെന്നാണ് സൂചന. സത്യപ്രതിജ്ഞാ വേദി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വേദിയാക്കമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാത്രമേ നാളെ നടക്കൂ. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷമായിരിക്കും ബാക്കി മന്ത്രിമാര്‍ അധികാരമേല്‍ക്കുക. 33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് 20 മന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. വിശ്വാസ വോട്ടെടുപ്പിന് കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കി ഡി.കെ ശിവകുമാറിനേയും ഉപമുഖ്യമന്ത്രി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.

ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിനായിരിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നാണ് വിവരം. അതേസമയം മറ്റു വകുപ്പുകളെക്കുറിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ചേര്‍ന്നതിന് ശേഷമായിരിക്കും.

നാടകീയ സംഭവങ്ങള്‍ക്കെടുവില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിപദം രാജിവെക്കുകയായിരിന്നു. രാജിക്കു പിന്നാലെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്.

chandrika: