X

വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓഫീസില്‍ വൈകിയെത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ താമസിച്ച് വരുന്നവരുടെ ശമ്പളം അടക്കം വെട്ടിക്കുറക്കാന്‍ നഗരവികസന മന്ത്രി സത്യന്തേര്‍ ജെയ്ന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസങ്ങളില്‍ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പലയിടങ്ങളിലും ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് കാണാനായത്.

സീനിയര്‍ ഉദ്യോഗസ്ഥരടക്കം കൃത്യസമയത്ത് ജോലിക്ക് ഹാജരാവുന്നില്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് അലസന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അലസത മൂലം പല പദ്ധതികളും ശരിയായി നടക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് ഗുണകരമാകും വിധം കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

chandrika: