X

ശത്രുവായ മിത്രത്തിന്റെ തോല്‍വിക്ക് കാതോര്‍ത്ത് ദേവഗൗഡ

സ്വന്തം ലേഖകന്‍
ബംഗളൂരു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചില്ലെങ്കിലും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ചാമരാജ്‌പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി. ഒരിക്കല്‍ തന്റെ വിശ്വസ്തനായിരുന്ന സമീര്‍ അഹമ്മദിന്റെ തോല്‍വി. മൂന്ന് തവണ ജെ.ഡി. എസ് എം.എല്‍.എ ആയിരുന്ന സമീര്‍ അഹമ്മദ് ഖാന്‍ ഗൗഡയുടേയും മകന്‍ കുമാര സാമിയുടെയും അടുപ്പക്കാരനായാണ് അറിയപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസ് വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ദേവഗൗഡയും സമീറും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മണ്ഡലം ഇപ്പോള്‍ ദേശീയ പ്രാധാന്യം നേടിയിരിക്കുന്നത്.
ബി. കെ അല്‍താഫ് ഖാനെയാണ് സമീറിനെ മെരുക്കാന്‍ ഗൗഡ നിയോഗിച്ചത്. മുന്‍ ഡെപ്യൂട്ടി മേയര്‍ ലക്ഷ്മി നാരായണയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. സ്വന്തം കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പോലും അവഗണിച്ച് മുഖ്യമന്ത്രിയാവാന്‍ കുമാര സാമിയെ സഹായിച്ചത് സമീര്‍ അഹമ്മദ് ഖാനെന്ന ചാണക്യനാണ്.

എന്നാല്‍ കുമാര സാമിയുമായുള്ള ബന്ധം വഷളായതോടെയാണ് സമീര്‍ ആറു എം.എല്‍.എമാരുമായി മറുകണ്ടം ചാടിയത്. ഇതോടെയാണ് ഏതുവിധേനയും സമീറിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും അല്‍താഫ് ഖാനെ പുകച്ച് ചാടിച്ചത്. കോര്‍പറേഷന്‍ അംഗം ഇമാം പാഷയേയും അദ്ദേഹം പരിഗണിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ബ്രാഹ്മണ, ലിംഗായത്ത്, കുറുബ വിഭാഗക്കാരും തമിഴ്, തെലുങ്ക് സംസാരിക്കുന്നവരും നിര്‍ണായകമാണ്. വിക്ടോറിയ ആസ്പത്രി, കെ. ആര്‍ മാര്‍ക്കറ്റ്, ബംഗളൂര്‍ കോട്ട തുടങ്ങി ചരിത്ര സ്ഥാപനങ്ങള്‍ മണ്ഡലത്തിന്റെ ഭാഗമാണ്. ബംഗളൂരു നഗരത്തില്‍ ജെ.ഡി.എസ് ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ഈ മണ്ഡലത്തിലാണ്. മണ്ഡലത്തില്‍ വലിയ ബന്ധങ്ങളുള്ള സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി ഏത് വിധേനയും ഉറപ്പ് വരുത്തണമെന്നാണ് ഗൗഡ തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പറയുന്നത്.

പക്ഷേ സമീര്‍ അഹമ്മദ് ഖാന്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുള്ളത്. ഇരുട്ടി വെളുക്കുമ്പോഴേക്കും നിലപാട് മാറ്റുന്ന ജെ.ഡി.എസ് സമീറിനെ തോല്‍പിക്കാന്‍ ബി.ജെ.പിയെ സഹായിക്കുമോ എന്ന സംശയവും ഉണ്ട്. എങ്കിലും വിജയം തനിക്കൊപ്പം നില്‍ക്കുമെന്നാണ് സമീര്‍ അഹമ്മദ് ഖാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

chandrika: