X
    Categories: indiaNews

ഡല്‍ഹി പോലീസ് കലാപാന്യേഷണത്തിന്റെ മറവില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നു; പാര്‍ലമെന്റില്‍ ലീഗിന്റെ അടിയന്തര പ്രമേയ നോട്ടീസ്

ന്യുഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ പറ്റിയുള്ള അന്യേഷണത്തില്‍ ഡല്‍ഹി പോലീസ് പക്ഷപാതിത്വപരമായ സമീപനം സ്വീകരിക്കുന്നുവെന്നും വിഷയം ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ട്ടി സഭാ ലീഡര്‍ പികെ കുഞ്ഞാലികുട്ടിയാണ് കത്ത് നല്‍കിയത്. ഇടി മുഹമ്മദ് ബഷീര്‍, നവാസ്‌കനി എന്നിവര്‍ അടിയന്തര പ്രമേയ നോട്ടീസിനെ പിന്താങ്ങിയിട്ടുണ്ട്.

കലാപത്തില്‍ മുഖ്യ പങ്ക് വഹിച്ചു എന്നു ആരോപിക്കപ്പെടുന്ന ഭരണകക്ഷി നേതാക്കളെ ചാര്‍ജ് ഷീറ്റില്‍ പോലും പരാമര്‍ശിക്കാത്ത അന്വേഷണ സംഘം പേരുകേട്ട സാമൂഹ്യ പ്രവര്‍ത്തകരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും അന്യായമായി കേസില്‍ കുടുക്കുകയാണ്. കോടതിയില്‍ ഇത്തരം കേസുകള്‍ നിലനില്‍ക്കില്ലെന്ന ബോധ്യമുണ്ടങ്കിലും അന്യേഷണ പ്രഹസനങ്ങളിലൂടെ അവരെ ശിക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതന്നും ലീഗ് എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ ഉന്നയിച്ച ആവശ്യം.

 

chandrika: