X

ഡല്‍ഹിയില്‍ പൊളിച്ചുമാറ്റിയ പള്ളി 100 വര്‍ഷം മുമ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പട്ടികയില്‍

അനധികൃത നിര്‍മിതിയെന്നാരോപിച്ച് മെഹ്‌റോളിയില്‍ പൊലീസ് തകര്‍ത്ത 600 വര്‍ഷം പഴക്കമുള്ള അഖൂന്‍ജി പള്ളി 1922ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.കെട്ടിട നിര്‍മാണ തിയ്യതി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും എ.ഡി 1853ല്‍ പള്ളിയില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നും എ.ഡി 1398ല്‍ തൈമുര്‍ ഇന്ത്യ പിടിച്ചടക്കിയപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന ഈദ്ഗാഹിനോട് പടിഞ്ഞാറായാണ് പള്ളിയുള്ളത് എന്നും പ്രസിദ്ധീകരണത്തില്‍ പറയുന്നതാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റിസര്‍വ് വനപ്രദേശമായ സഞ്ജയ് വനിലെ അനധികൃത നിര്‍മിതിയാണെന്ന് ആരോപിച്ച് ജനുവരി 30നാണ് ഡല്‍ഹി വികസന അതോറിറ്റി അഖൂന്‍ജി മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും പൊളിച്ചുമാറ്റിയത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പള്ളി പൊളിച്ചുമാറ്റിയത് എന്ന് വിശദീകരണം നല്‍കാന്‍ ജനുവരി 31ന് ഡല്‍ഹി ഹൈക്കോടതി നഗര വികസന അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊളിച്ചുമാറ്റുന്നതിന് മുമ്പ് പള്ളി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു.

1994ല്‍ മാത്രമാണ് സഞ്ജയ് വന്‍ റിസര്‍വ്ഡ് വനഭൂമിയാക്കി മാറ്റുന്നതെന്നും പിന്നെ എങ്ങനെയാണ് പുരാതനമായ പള്ളി കയ്യേറ്റ നിര്‍മിതിയാകുക എന്നുമാണ് ചരിത്രകാരന്മാരും ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത്. പള്ളി പൊളിക്കാന്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയെത്തിയ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ പള്ളി അധികൃതരുടെ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയെന്ന് ആരോപണമുണ്ട്.

മദ്രസയില്‍ നിന്ന് വസ്ത്രവും ഭക്ഷണവും പുസ്തകങ്ങളും എടുത്തുമാറ്റുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാവകാശം പോലും നല്‍കിയിരുന്നില്ല.കെട്ടിടം തകര്‍ത്ത ശേഷം അവശിഷ്ടങ്ങള്‍ പോലും പൂര്‍ണമായി എടുത്തുമാറ്റി യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഡല്‍ഹി വികസന അതോറിറ്റി പരിസരം വിട്ടത് എന്നും വിമര്‍ശനമുണ്ട്.

 

webdesk13: